വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ഹരജി; പ്രാർഥിക്കാൻ സുപ്രീം കോടതി


ന്യൂഡൽഹി : ഖജുരാഹോ ക്ഷേത്രങ്ങളുടെ ഭാഗമായ ജവാരി ക്ഷേത്രത്തിലെ തലയറുത്ത വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന ഹർജിയുമായി സുപ്രീം കോടതിയിൽ എത്തിയ ആളോട് നന്നായി പ്രാർത്ഥിച്ചോളൂ എന്ന് ഡിവിഷൻ ബെഞ്ചിന്റെ വാക്കാൽ  പരാമർശം. ഹർജിക്കാരന്റെ ആവശ്യം  പരിഗണിച്ച ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരാണ് വിഷ്ണുവിനോട് പ്രാർത്ഥിക്കാൻ നിർദേശം നൽകി സവിശേഷമായ പരാമർശം നടത്തിയത്. വിഷയം കോടതിയുടെ അധികാര പരിധിയിൽ വരില്ലെന്നും നടപടികൾക്കായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ (എഎസ്ഐ) സമീപിക്കാനും സുപ്രീം കോടതി നിർദേശിച്ചു. മുഗൾ അധിനിവേശ കാലത്ത് ഖജുരാഹോ ക്ഷേത്രങ്ങളുടെ ഭാഗമായ ജവാരി ക്ഷേത്രത്തിൽ തലയറുത്തെടുത്ത ഏഴ് അടി ഉയരമുള്ള വിഷ്ണുവിൻ്റെ വിഗ്രഹം പുനഃസ്ഥാപിക്കാൻ അനുമതി തേടി രാകേഷ് ദലാൽ എന്ന വ്യക്തിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. താങ്കൾ കടുത്ത വിഷ്ണു ഭക്തനാണല്ലോ, ദേവനോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ. അതിനാൽ ഇപ്പോൾ തന്നെ പോയി പ്രാർത്ഥിക്കൂ. ഇത് പുരാവസ്തു വകുപ്പിന്റെ പരിധിയിലുള്ള സ്ഥലമാണ്. എഎസ്ഐയാണ് അനുമതി നൽകേണ്ടതെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. മുഗൾ അധിനിവേശ കാലത്ത് വിഗ്രഹം വികൃതമാക്കപ്പെട്ടുവെന്നും അധികാരികൾക്ക് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ഹർജിക്കാരൻ വ്യക്തമാക്കിയപ്പോഴാണ് ഇക്കാര്യം വിഷ്ണുവിനോട് പ്രാർത്ഥിക്കൂ എന്ന് സുപ്രീംകോടതി വാക്കാൽ പറഞ്ഞത്.

Post a Comment

0 Comments