ലഹരി വിൽപന: കാർ കണ്ടുകെട്ടി
കോഴിക്കോട് : ലഹരി വില്പനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് യുവാവ് വാങ്ങിയ കാർ കണ്ടുകട്ടി.  
പുതിയങ്ങാടി സ്വദേശി നീലം കുയിൽത്താഴം ഫൗമിനി ഫാത്തിമ ഹൗസിൽ സൽമാൻ ഫാരിസി (21) ന്‍റെ പേരിലുള്ള  KL -07 –BA -5795 നമ്പർ മാരുതി എസ്റ്റീം കാറാണ് സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം കണ്ടുകെട്ടിയത്. നടക്കാവ് പണിക്കർ റോഡുള്ള  ഗണപതി ക്ഷേത്രം കവാടത്തിനടുത്ത് വെച്ച് ബാഗിൽ കൊണ്ടു വന്ന  കഞ്ചാവും പണവുമായി പ്രതിയെ സബ് ഇൻസ്പെക്ടർ എൻ. ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ഡാൻസാഫും ചേർന്ന് പിടികൂടുകയായിരുന്നു.  പ്രതി   വാഹനം വാങ്ങിയതും, ആഡംബരപൂർണ്ണമായ ജീവിതം നയിച്ചതും ലഹരി വില്പനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ നടക്കാവ്  പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷ് നൽകിയ റിപ്പോർട്ട് പ്രകാരമാണ്  സ്വത്തുക്കൾ കണ്ടുകിട്ടുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.  എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ചാണ് സ്വത്തുക്കൾ പിടിച്ചെടുക്കുന്ന നടപടികൾ സ്വീകരിക്കുന്നത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനം, കൂടാതെ ഇവർ ലഹരി വില്പനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തുവകകളും കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും സ്വീകരിക്കാം. നിലവിൽ ലഹരി വസ്തുക്കളുമായി പിടികൂടുന്ന കുറ്റവാളികളെ ജയിലിൽ അടക്കുകയും സ്ഥിരം കുറ്റവാളികളായി കാപ്പ നിയമപ്രകാരം നാടുകടത്തുകയും ചെയ്യാറുണ്ട്. ഇതിന് പുറമെയാണ് സ്വത്തുവകകൾ കണ്ടു കെട്ടാനുള്ള നടപടികൾ സ്വീകരിക്കുന്നത്. അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയാൽ ലഹരിക്കടുത്ത് സംഘങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും, സഹായികളുടെയും സ്വത്തുക്കൾ കണ്ടു കെട്ടാനും നിയമമുണ്ട്. 

Post a Comment
0 Comments