സൈബർ തട്ടിപ്പ്: പൊലീസ് പരിശോധനകൾ ശക്തമാക്കി

തിരുവനന്തപുരം
സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി  തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനായി പൊലീസ് പരിശോധനകൾ തുടരും. ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 263 പേരെ അറസ്റ്റ് ചെയ്യുകയും 382 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംസ്ഥാന പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖറിന്റെ  നിർദ്ദേശാനുസരണമാണ് ഓപ്പറേഷൻ 'CY HUNT' എന്ന പേരിൽ സംസ്ഥാനത്തുടനീളം റെയ്ഡുകൾ നടത്തിയത്. 
 കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും വ്യാപകമായി നടത്തിയ റെയ്ഡിൽ  125 പേർക്ക് നോട്ടീസ് നൽകി നിരീക്ഷണത്തിൽ വിട്ടയക്കുകയും ചെയ്തു.
തങ്ങളുടെ അറിവില്ലാതെ സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടതായി കണ്ടെത്തിയ അക്കൗണ്ടുകളുടെ ഉടമകൾ, ഹവാല ഇടപാടുകളിലൂടെയും മറ്റും അക്കൗണ്ടുകളിൽ പണം അയച്ചു കിട്ടിയവർ, സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നേരിട്ട് ബന്ധമില്ലാത്തതായി ബോധ്യപ്പെട്ട ആൾക്കാർ എന്നിവരെയാണ് നോട്ടീസ് നൽകി നിരീക്ഷണത്തിൽ വിട്ടയച്ചിട്ടുള്ളത്.
രാജ്യവ്യാപകമായി സൈബർ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുകയും, എ.ടി.എം, ചെക്കുകൾ എന്നിവ ഉപയോഗിച്ച് പണമിടപാടുകൾ നടത്തി അനധികൃത സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരെയും ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മീഷൻ കൈപ്പറ്റിയവരെയുമാണ് ഓപ്പറേഷൻ 'CY HUNT' ന്റെ ഭാഗമായി അറസ്റ്റ് ചെയ്തവർ റിമാൻഡിലായി. 
സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായ ഇവർ രാജ്യവ്യാപകമായി നടത്തിയിട്ടുള്ള തട്ടിപ്പുകളെ പറ്റി വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണങ്ങളുണ്ടാകും. മറ്റു സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളവരെ അതത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അറസ്റ്റ് ചെയ്യുന്ന നടപടികളുമായി മുന്നോട്ട് പോകും.
കേരള പോലീസ് സൈബർ ഓപ്പറേഷൻ വിഭാഗത്തിന്റെയും റേഞ്ച് ഡി.ഐ.ജിമാരുടെയും ജില്ലാ പോലീസ് മേധാവിമാരുടെയും മേൽനോട്ടത്തിലായിരുന്നു റെയ്ഡ്.


Post a Comment

0 Comments