അനധികൃത കുടിയേറ്റം: ബംഗ്ളാദേശ് പൗരൻ ബേപ്പൂരിൽ പിടിയിൽ
കോഴിക്കോട് : കൊല്ലം സിറ്റി പോലീസ് നടപ്പിലാക്കിവരുന്ന സുരക്ഷിത തീരം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ബംഗ്ലാദേശ് പൗരൻ വ്യാജ ആധാർ കാർഡുമായി പിടിയിൽ. ബേപ്പൂരിൽ ഒളിവിൽ കഴിഞ്ഞ നേപ്പാൾ ദാസിനെയാണ് (19) ഇന്നലെ ബേപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ പദ്ധതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ബംഗാളിലെത്തി വ്യാജ ആധാർ കാർഡ് സംഘടിപ്പിച്ച ശേഷമാണ് നേപ്പാൾ ദാസ് കൊല്ലത്തെത്തിയത്. എന്നാൽ, കൊല്ലം സിറ്റി പോലീസ് അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് സുരക്ഷിത തീരം പദ്ധതിയുടെ ഭാഗമായി വ്യാപക പരിശോധന നടത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ ഇയാൾ ബേപ്പൂരിലെ മത്സ്യബന്ധന മേഖലയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
വെസ്റ്റ് ബംഗാൾ 24 പർഗാനാസ്, കലിങ്ങാനഗർ, കളികപൂർ, ജയൽദാസ് മകൻ നേപ്പാൾ ദാസ് (19) എന്ന വിലാസമാണ് ഇയാളുടെ ആധാർ കാർഡിൽ രേഖപ്പെടുത്തിയിരുന്നത്. ദിവസങ്ങൾക്ക് മുൻപ് ബംഗ്ലാദേശ് സ്വദേശിയായ പരുമൽ ദാസ് (21), വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് കൊല്ലത്തെത്താൻ സഹായിച്ച തപൻ ദാസ് (24) എന്നിവരെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് നേപ്പാൾ ദാസിലേക്ക് എത്തിയത്. തുടർന്ന്, കൊല്ലം സിറ്റി പോലീസ് രഹസ്യവിവരം കോഴിക്കോട് സിറ്റി പോലീസിന് കൈമാറുകയും ബേപ്പൂർ ഇൻസ്പെക്ടർ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വ്യാജരേഖ ചമച്ചതിനും ഫോറിനേഴ്സ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവുമാണ് ബേപ്പൂർ പോലീസ് നേപ്പാൾ ദാസിനെതിരെ കേസെടുത്തിരിക്കുന്നത്.
പരിശോധനയുടെ ആദ്യ ആഴ്ചയിൽ തന്നെ മൂന്നുപേർ അറസ്റ്റിലായ സാഹചര്യത്തിൽ, ഇത്തരത്തിൽ നിരവധി ആളുകൾ മത്സ്യബന്ധന മേഖലയിലും മറ്റ് മേഖലകളിലും എത്തിയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് കൊല്ലം എസിപി എസ്. ഷെരീഫ് അറിയിച്ചു.
സംസ്ഥാന പോലീസ് മേധാവി രണ്ടു മാസങ്ങൾക്ക് മുമ്പ് കൊല്ലത്തെത്തി നടത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷിത തീരം പദ്ധതി കൊല്ലം സിറ്റി പോലീസ് ആരംഭിച്ചത്. പ്രാഥമികമായി ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ തുടങ്ങിയ ഈ പദ്ധതി വൈകാതെ കൊല്ലം സിറ്റിയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ വ്യക്തമാക്കി.

Post a Comment
0 Comments