പൊലീസിൻ്റെ ഇടപെടൽ; യുവതിക്ക് രക്ഷയായി

തിരുവനന്തപുരം : വിയ്യൂർ പോലീസ് സ്റ്റേഷനിൽ പരേഡിന് തയ്യാറാകുന്നതിനിടയിലാണ് സ്റ്റേഷനിലേക്ക്  പെരിങ്ങാവിൽ നിന്നും  ഒരു ഫോൺ വന്നത്

സാർ, ഒന്നു വേഗം വീട്ടിലേക്ക് വരണം എൻെറ അമ്മ എന്തോ വിഷമത്തോടെ മുറിയിൽ കടന്നു വാതിലടച്ചു തുറക്കുന്നില്ല എന്തെങ്കിലും ചെയ്യുമെന്നു തോന്നുന്നു വേഗം വരണം..

ഒരു പെൺകുട്ടിയുടെ കരച്ചിലോടെയുള്ള ശബ്ദം കേട്ടപ്പോൾ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സജീവൻ  ഇൻസ്പെ്കടർ കെ.പി മിഥുനിനെ വിവരമറിയിക്കുകയും ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം ഉടൻതന്നെ സബ് ഇൻസ്പെക്ടർ ജിനു കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ നിഷി എന്നിവരുമൊത്ത് സ്റ്റേഷനിലെ വാഹനത്തിൽ സംഭവസ്ഥലത്തേക്ക് പെട്ടന്നുതന്നെ പുറപ്പെടുകയും ചെയ്തു.

യാത്രയ്ക്കിടയിൽ അവർ പെൺകുട്ടിയോട് കൃത്യമായ ലൊക്കേഷൻ ചോദിച്ച് മനസ്സിലാക്കുകയും കുട്ടിയെ സമാധാനിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തിയ അവരെ  പ്രായമായ ഒരു അച്ഛനും അമ്മയും അസ്വസ്ഥതയോടെ വേഗം മുറിയിലേക്ക് കൊണ്ടുപോയി.

വാതിൽ തുറക്കൂ അമ്മേ..എന്ന് വാതിലിൽ മുട്ടി വിളിച്ചുകരഞ്ഞിരുന്ന പെൺകുട്ടിയെ  നിഷി സമാധാനിപ്പിച്ച് മാറ്റിനിറുത്തുന്നതിനിടയിൽ ഒരാൾ  മൂർച്ചയുള്ള ഇരുമ്പിൻെറ ഒരു ആയുധം തെരഞ്ഞെടുത്ത് കൊണ്ടുവരികയും രണ്ടുപേരും ചേർന്ന്  വാതിൽ തകർത്ത് മുറിയിലേക്ക് കയറുകയും ചെയ്തു. അകത്തു കടന്ന പോലീസുദ്യോഗസ്ഥർ കണ്ടത് ഫാനിൽ തൂങ്ങി പിടയുന്ന സ്ത്രീയെയാണ്.

പെട്ടന്നുതന്നെ നിഷിയും ജിനുകുമാറും സ്ത്രീയെ  ഉയർത്തി പിടിക്കുമ്പോഴേക്കും സജീവൻ കത്തിയുമായെത്തി ഷാൾ അറുത്തുമുറിച്ച് സ്ത്രീയെ മുറിയ്ക്കു പുറത്തെത്തിച്ച് പോലീസ് വാഹനത്തിൽ കയറ്റി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

തീവ്രപരിചരണ യൂണിറ്റിൽ പ്രവേശിപ്പിച്ച സ്ത്രീ മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ അപകടനില തരണം ചെയ്തുവെന്നും കൃത്യസമയത്ത് ഇവിടെ എത്തിച്ചതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായതെന്നും ഡോക്ടർ പറഞ്ഞ ഉടൻതന്നെ അച്ഛനും അമ്മയും പോലീസുദ്യോഗസ്ഥരോട്  കണ്ണീരോടെ  സന്തോഷം നിറഞ്ഞ നന്ദിയറിയിച്ചു. മകളും അമ്മയുടെ ജീവൻ രക്ഷിച്ച പോലീസുദ്യോഗസ്ഥരോട് നന്ദിയറിയിക്കാൻ മറന്നില്ല. ഇൻസ്പെക്ടർ കെ.പി മിഥുൻ വീട്ടുകാരോട് വിവരം അന്വേഷിക്കുകയും എന്തു പ്രശ്നങ്ങളുണ്ടെങ്കിലും പരിഹാരമുണ്ടാക്കാമെന്നു വിളിച്ച് ആശ്വസിപ്പിക്കുകയും കൌൺസിലിങ്ങ് സേവനത്തെകുറിച്ചും മറ്റും മനസ്സിലാക്കികൊടുക്കുയും ചെയ്തു. കൃത്യസമയത്തെ കർത്തവ്യ നിർവ്വഹണത്തിലൂടെ ഒരു ജീവൻ രക്ഷിച്ച് പോലീസുദ്യോഗസ്ഥരെ സഹപ്രവർത്തകരും അഭിനന്ദിച്ചു. 

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആത്മഹത്യ പ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ്സ് ഹെൽപ് ലൈനിലോ (14416 ) ബന്ധപ്പെടുക

Post a Comment

0 Comments