ഇനി തെരുവിൽ അഭയം തേടേണ്ട: വീടില്ലാതെ ഓട്ടോറിക്ഷയിൽ കഴിഞ്ഞ കുടുംബത്തെ ചേർത്തുപിടിച്ച് സുമനസ്സുകൾ
കോഴിക്കോട് : വാടക നൽകാനില്ലാതെ സുഹൃത്തിൻ്റെ ഓട്ടോറിക്ഷയിൽ അഭയം തേടേണ്ടി വന്ന രണ്ട് പെൺകുട്ടികളുള്ള കുടുംബത്തിൻ്റെ ദുരവസ്ഥ വാർത്തയായതോടെ ഇവർക്ക് സഹായങ്ങളുമായി സുമനസ്സുകൾ. ഗോവിന്ദപുരം സ്വദേശിയായ വി.അനിൽ കുമാറും ഭാര്യ രമ്യയും രണ്ട് പെൺ മക്കളുമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഓട്ടോറിക്ഷ വീടാക്കി മാറ്റി തെരുവുകളിൽ അന്തി ഉറങ്ങിയത്. കടബാധ്യത കാരണം വീട് നഷ്‌ടമായ ഈ കുടുംബത്തിനെ രോഗങ്ങളും വേട്ടയാടിക്കൊണ്ടിരുന്നു.
ഈ കുടുംബത്തിനു വീട് നിർമിച്ചു നൽകുമെന്ന് മലബാർ ഗോൾഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എ.കെ.ഫൈസൽ അറിയിച്ചു. വീട് ലഭിക്കുന്നതു വരെയുള്ള സംരക്ഷണം ഹ്യൂമാനിറ്റി ചാരിറ്റബിൾ ട്രസ്‌റ്റ് വഹിക്കും.
രണ്ട് കുട്ടികളുടെയും പത്താം ക്ളാസ് വരെയുള്ള മുഴുവൻ പഠന ചെലവുകളും മായനാട് എയുപി സ്‌കൂളിലെ പ്രധാന അധ്യാപകൻ കെ.അനൂപ് ഏറ്റെടുത്തു. മൂത്ത കുട്ടി മായനാട് എയുപി സ്‌കൂളിൽ മൂന്നാം ക്ളാസിലാണ് പഠിക്കുന്നത്. താമസിച്ചിരുന്ന വാടക വീട് ഇല്ലാതായതോടെ രണ്ടു മാസമായി കൂട്ടി സ്കൂളിൽ വരാറില്ല. ഈ സാഹചര്യത്തിലാണ് അഞ്ചും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുടെയും പഠന ചെലവുകൾ കെ.അനൂപ് ഏറ്റെടുത്ത് മാതൃകയായിരിക്കുന്നത്. പഠനത്തോടൊപ്പം പാഠ്യേതര കഴിവുകൾ പരിപോഷിപ്പിക്കുന്നതിനു വേണ്ട ചെലവുകളും വഹിക്കാൻ ഈ പ്രധാന അധ്യാപകൻ സന്നദ്ധനാണ്. സ്കൂളിലെ നിർധനരായ വിദ്യാർഥികളുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതിയായ സ്നേഹക്കട ഒരുക്കാനും ആലോചിക്കുന്നുണ്ട്. പ്ളാസ്‌റ്റിക്കിനു പുനർജന്മം എന്ന പേരിൽ പ്ളാസ്റ്റിക് റീസൈക്കിൾ ഓട് ഉപയോഗിച്ച് സ്‌കൂളിൽ ഓഡിറ്റോറിയം നിർമിക്കാനൻ കെ.അനൂപ് നേതൃത്വം നൽകിയിരുന്നു. ഈ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിൻ്റെ ഹരിത വിദ്യാലയ പുരസ്‌കാരം ഈ വർഷം സ്‌കൂളിനു ലഭിച്ചിരുന്നു. സ്‌കൂളിലും നാട്ടിലും കാരുണ്യ പ്രവർത്തനങ്ങളിലും പൊതു പ്രവർത്തനങ്ങളിലും സജീവമാണ് ഈ യുവ അധ്യാപകൻ, ഗ്ളോബൽ സ്കോളേഴസ് ഫൗണ്ടേഷൻ്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് സാമൂഹിക പ്രവർത്തകരായ നൗഷാദ് തെക്കയിലും നർഗീസ് ബീഗവും കുന്നമംഗലത്തിനു സമീപം ഈ കുടുംബത്തിനു വാടക വീടെടുത്ത് നൽകിയിട്ടുണ്ട്.

Post a Comment
0 Comments