ഓട്ടോ ഡ്രൈവറുടെ സത്യസന്ധത; എൻജിഒ അസോസിയഷൻ നേതാവിനു വിലപ്പെട്ട ബാഗ് തിരികെ ലഭിച്ചു



നഷ്ടമായെന്നു കരുതിയ ബാഗ് പ്രേംനാഥ് മംഗലശ്ശേരി ഓട്ടോ ഡ്രൈവർ വി.രതീഷിൽ നിന്ന് തിരുവനന്തപുരത്ത് എത്തി ഏറ്റുവാങ്ങുന്നു

തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ ഓട്ടോറിക്ഷ ഡ്രൈവറുടെ സത്യസന്ധതയിൽ കേരള എൻജിഒ അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡൻ്റിനു തിരികെ കിട്ടിയത് സ്വർണ മോതിരവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ്. 
എൻജിഒ അസോസിയേഷൻ സുവർണ ജൂബിലി സമ്മേളനത്തിന്റെ സമാപനത്തിൽ പങ്കെടുക്കുന്നതിനായി ഒക്ടോർബർ 27ന് എത്തിയതായിരുന്നു എൻജിഒ അസോസിയേഷൻ 
കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് പ്രേംനാഥ് മംഗലശ്ശേരി. രാത്രി  തിരിച്ചു പോകുന്നതിനിടെ കയറിയ ഓട്ടോറിക്ഷയിലാണ് ബാഗ് മറന്നു പോയത്.
സമ്മേളന പ്രതിനിനിധികൾക്ക് നൽകാനുള്ള ബാഗുകൾ  കൈവശം ഉണ്ടായിരുന്നതിനാൽ രേഖകൾ ഉൾപ്പെടെയുള്ള ബാഗ് മറന്നത് ശ്രദ്ധയിൽപെടാതെ പ്രേംനാഥ് നാട്ടിലേക്കുള്ള ബസിൽ കയറി. നാട്ടിൽ എത്തിയപ്പോഴാണു ബാഗ് നഷ്ടമായ വിവരം അറിഞ്ഞത്. എസ്എസ് കോവിൽ റോഡിലെ ലാഡർ ഗ്രൂപ്പിൻ്റെ ടെറസ് ലോഡ്ജിൽ നിന്നും അരിസ്റ്റോ ജംക്ഷനിലെ എവൺ ട്രാവൽസിൻ്റെ പാർക്കിങ് സെൻ്ററിലേക്കു കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം മധു രാമനാട്ടുകരക്കൊപ്പം കയറിയ ഓട്ടോറിക്ഷയിലാണ് ബാഗ് മറന്നു വച്ചത്.
വിലപ്പെട്ട രേഖകളും ഒരു പവനോളം വരുന്ന സ്വർണ മോതിരവും അടങ്ങിയ ബാഗ് എവിടെയാണ് നഷ്ടപ്പെട്ടതെന്ന്  അറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് സത്യസന്ധനായ ഓട്ടോറിക്ഷ ഡ്രൈവർ കോവളം പൂങ്കുളം സ്വദേശി വി.രതീഷിൻ്റെ വിളി പ്രേംനാഥ് മംഗലശ്ശേരിയുടെ ഫോണിൽ എത്തുന്നത്.  ബാഗിൽ നിന്നു  ലഭിച്ച പേപ്പറിൽ നിന്നാണു  ഡ്രൈവർക്ക് പ്രേംനാഥിനെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ലഭിച്ചത്. കേരളപ്പിറവി ആഘോഷങ്ങൾക്കിടെയായിരുന്നു ഈ ആശ്വാസ വിളി എത്തിയത്. കോഴിക്കോട് നിന്നു സന്തോഷത്തോടെ മധുരവുമായി എത്തിയ പ്രേംനാഥ് മംഗലശ്ശേരി ടെറസ് ലോഡ്ജിൽ വച്ച് ഏറ്റുവാങ്ങി. 

Post a Comment

0 Comments