മോഹൻലാലും കമൽഹാസനും എത്താതിരുന്നത് അവർക്ക് ക്ഷീണം പറ്റാതിരിക്കാൻ: കെ.എൻ.എ ഖാദർ

 

ബാലുശ്ശേരി : അതിദാരിദ്ര്യമുക്‌ത പറ്റിക്കൽ  പ്രഖ്യാപനത്തിനു മോഹൻലാലും കമൽഹാസനും വരാതിരുന്നത് ഈ പറ്റിക്കൽ അവർക്ക് കൂടി ക്ഷീണമാകുമെന്ന് കരുതിയാണെന്ന് മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എൻ.എ ഖാദർ പറഞ്ഞു. ലീഡർ സ്‌റ്റഡി സെൻ്റർ ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി എകരൂലിൽ നടത്തിയ കെ.കരുണാകരൻ അനുസ്‌മരണ സമ്മേളനവും ജീവൻ രക്ഷാ ഉപകരണങ്ങളുടെ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമ സഭയിൽ നേരത്തെ പറഞ്ഞത് 6 ലക്ഷം അതിദരിദ്രർ ഉണ്ടെന്നായിരുന്നു. എന്നാൽ ഇപ്പോൾ 64000 അതിദരിദ്രർ മാത്രമാണ് സംസ്ഥഥാനത്തുള്ളതെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. ഈ അങ്ങാടിയിൽ തന്നെ ഇത്രത്തോളം അതിദരിദ്രർ ഉണ്ടാകും. അതിദരിദ്രർ ഇല്ലെന്ന് പ്രഖ്യാപിക്കാൻ നടത്തിയ ഉത്സവത്തിനുള്ള പണം പാഴ്ച്ചെലവായി. മൂന്നാം തവണയും അധികാരത്തിൽ എത്താൻ എൽഡിഎഫും ബിജെപിയും ഒരുപോലെ ആഗ്രഹിക്കുകയാണ്. പിഎം ശ്രീ പദ്ധതിയിൽ നിന്നു പിൻമാറിയതായി കത്ത് എഴുതാതെ സിപിഎം വീണ്ടും സിപിഐയെ ചതിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ മതം കലർത്തി ഭിന്നിപ്പിനു തുടക്കം കുറിച്ചത് ബ്രിട്ടിഷുകാരാണ്. 
കെ.കരുണാകരനെ പോലെ മുസ്‌ലിം ലീഗിനെ ഇത്രയേറെ ബഹുമാനിച്ച യുഡിഎഫ് നേതാവ് വേറെ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പി.പി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. അഹമ്മദ്കുട്ടി ഉണ്ണികുളം, കെ.രാമചന്ദ്രൻ, കെ.എം.ഉമ്മർ, പി.രാജേഷ് കുമാർ, നാസർ എസ്‌റ്റേറ്റ് മുക്ക്. കെ.കെ. നാസർ, കെ.ഉസ്‌മാൻ, കെ.കെ.സതീശൻ, ഇന്ദിര ഏറാടിയിൽ, പി.കെ വിജയൻ, ഇ.ടി.ബിനോയ്, പി.കെ.സുനിൽ കുമാർ, ശശി കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments