ആദിവാസി യുവാവിനു മർദനം; നടപടികൾ വൈകുന്നതിൽ പ്രതിഷേധം
പാലക്കാട് : അട്ടപ്പാടിയില്‍ മോഷണക്കുറ്റമാരോപിച്ച് ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ചു. പുതൂർ പാലൂര് സ്വദേശി മണികണ്ഠനാണ് (26) മർദനമേറ്റത്.
പച്ചമരുന്നിന്റെ വേര് മോഷിച്ചുവെന്നാരോപിച്ചായിരുന്നു ആദിവാസി യുവാവിനെ ക്രൂരമായി മർദിച്ചത്. മർദനത്തിൽ തലയോട്ടി തകർന്നു.
തലയോട്ടി തകർന്ന മണികണ്ഠൻ ആശുപത്രിയിൽ ചികിത്സയിലാണ്. പച്ച മരുന്നിൻ്റെ വേര് മോഷിച്ചുവെന്നാരോപിച്ചായിരുന്നു ഈ മാസം ഏഴാം തീയതി മണികണ്ഠനെ മർദിച്ചത്.
ബലം പ്രയോഗിച്ച് ഒഴിഞ്ഞ മുറിയിലേക്ക് കൊണ്ട് പോയി മർദിച്ചു. രണ്ടു ദിവസത്തിന് ശേഷം കോഴിക്കോട്ടേക്ക് പോയ മണികണ്ഠൻ തലകറങ്ങി വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് തലയോട്ടി തകർന്നതായി കണ്ടെത്തുന്നത്. പിന്നീട് ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ അടിയന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു. യുവാവ് ഇപ്പോൾ അട്ടപ്പാടി കൊട്ടത്തറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
മർദിച്ച പാലൂർ സ്വദേശിക്കെതിരെ കേസ് എടുത്തെങ്കിലും തുടർ നടപടി ഇല്ലെന്നാണ് കുടുംബത്തിന്റെ പരാതി. തുടർനടപടികൾ വൈകുന്നതിൽ പ്രതിഷേധം ശക്തമായി.

Post a Comment
0 Comments