താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന് ശാപമോക്ഷം

താമരശ്ശേരി :  വായനാട്ടിലേക്കുള്ള യാത്രയിൽ വില്ലനാകുന്ന താമരശ്ശേരി വട്ടക്കുണ്ട് കുപ്പിക്കഴുത്തു പാലം വികസിപ്പിക്കാൻ നടപടികൾ ആകുന്നു. താമരശ്ശേരിക്കാരുടെയും കോഴിക്കോട്-വയനാട് ദേശീയ പാതയിലെ യാത്രക്കാരുടെയും  വർഷങ്ങളായുള്ള ആവശ്യമായിരുന്നു പാലം നവീകരണം എന്നത്. 
ദേശീയ പാത 766 ൽ താമരശ്ശേരിയിലെ അപകട ഭീഷണിയുയർത്തുന്ന വട്ടക്കുണ്ട് പാലം പുനർ നിർമ്മാണത്തിന് ഈ സാമ്പത്തിക വർഷം തന്നെ അനുമതി നൽകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രേഖാമൂലം എം കെ രാഘവൻ എംപിയെ അറിയിച്ചു.
കഴിഞ്ഞ മെയ് മാസം  പാലത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി പുനർനിർമ്മിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയോട് എംപി ആവശ്യപ്പെട്ടിരുന്നു. 1934ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച വട്ടക്കുണ്ട് പാലത്തിൽ വീതി കുറവ്, റോഡിലെ വളവ്, കാലപ്പഴക്കം തുടങ്ങിയ കാരണങ്ങളാൽ അപകടങ്ങൾ പതിവായിരുന്നു. വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ഒരു പോലെ ഭീഷണിയായ പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്ന് തൂങ്ങിയ നിലയിലുമാണ്.
പുതിയതും വീതി കൂടിയതുമായ പാലം നിർമ്മിക്കണമെന്നായിരുന്നു നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നത്. നിർദേശം പരിഗണിച്ചതായും ഭരണാനുമതി ഈ സാമ്പത്തിക വർഷം തന്നെ നൽകുമെന്നും മന്ത്രി അറിയിച്ചു. 
പാലം യാഥാർഥ്യമാകുന്നതോടെ താമരശ്ശേരിയിലെ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ശാശ്വത പരിഹാരമാകും. കോഴിക്കോട്-വയനാട് ജില്ലകളിലെ യാത്രക്കാർക്കും അന്തർ സംസ്ഥാന യാത്രക്കാർക്കും ഗതാഗതം സുഖമമാകും. പാലം വീതികൂട്ടി പുനർ നിർമ്മിക്കണമെന്ന നാട്ടുകാരുടെ ഏറേ നാളത്തെ ആവശ്യമാണ്  യാഥാർത്ഥ്യമാവുന്നത്. 

Post a Comment

0 Comments