പോറ്റിയേ കേറ്റിയേ.. താരമായി ജി.പി.കുഞ്ഞബ്ദുല്ല
കോഴിക്കോട് : പോറ്റിയേ കേറ്റിയേ.... ഹിറ്റ് പാരഡി ഗാനം പുറത്തിറങ്ങിയിട്ട് നാളുകൾ കുറച്ചായെങ്കിലും ഗാനരചയിതാവിനെ കാര്യമായി ആളുകൾ തിരയാൻ തുടങ്ങിയത് പാട്ട് വിവാദമായതോടെയാണ്. പ്രവാസിയും നാദാപുരം സ്വദേശിയുമായ ജി.പി.കുഞ്ഞബ്ദുല്ല ഖത്തറിൽ നിന്നാണു പാട്ട് എഴുതിയത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗതി മാറ്റിയ പാട്ടാണ് ഖത്തറിൽ വ്യാപാരിയായ കുഞ്ഞബ്‌ദുല്ല രചിച്ചത്. എഴുതിയ വരികൾ കുഞ്ഞബ്ദുല്ല നാട്ടിലെ ഒരു സുഹൃത്തിനു അയച്ചു നൽകിയിരുന്നു. പിന്നീടാണ് ഈ വരികൾ പാട്ടായി പുറത്തിറങ്ങിയത്. ഗായകൻ ഡാനിഷ് മലപ്പുറമാണ് പോറ്റിയേ കേറ്റിയേ പാട്ട് ആലപിച്ചത്. ഈ പാട്ട് പെട്ടെന്നു തന്നെ ഹിറ്റായി മാറി. സമൂഹ മാധ്യമങ്ങളിലൂടെയാണ് വൈറലായത്. അതിനു ശേഷം യുഡിഎഫിൻ്റെ പ്രചാരണത്തിൽ കൂടുലായി ഉയർന്നു കേട്ടതും ഈ പാട്ടായിരുന്നു. കുഞ്ഞബ്ദുല്ല ഇതിനകം അറുനൂറോളം പാട്ടുകൾ രചിച്ചു. താൻ കോൺഗ്രസ് അനുഭാവിയാണെന്നും പെട്ടെന്ന് കേസെടുക്കേണ്ട കാര്യം എന്താണെന്ന അറിയില്ലെന്നും കുഞ്ഞബ്ദുല്ല ഒരു സ്വകാര്യ ചാനലിനോടു പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമാണ് ഒരു കൂട്ടർ ഈ പാട്ട് വിവാദമാക്കുന്നതെന്നും അയ്യപ്പന്മാരുടെ ദുഃഖമാണ് പാട്ടിൽ ആവിഷ്‌കരിച്ചതെന്നും പോറ്റിയേ കേറ്റിയേ ഗാന വിവാദത്തിൽ രചയിതാവ് ജി.പി കുഞ്ഞബ്ദുല്ല പറയുന്നു.
കനത്ത തോൽവി ഏറ്റുവാങ്ങിയ ശേഷമാണ് സിപിഎം ഈ പാട്ടിനു നേരെ തിരിഞ്ഞതെന്ന് കോൺഗ്രസ് വിമർശനം ഉന്നയിക്കുന്നു.

Post a Comment
0 Comments