Responsive Ad

അവൾ മായുന്നില്ല; 5 കുരുന്നുകളിലൂടെ വെളിച്ചമാകും

തിരുവനന്തപുരം : മരണത്തെയും തോൽപ്പിക്കുകയാണ് പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞ് മാലാഖ ആലിൻ ഷെറിൻ ഏബ്രഹാം, ഇനി നാലു കുരുന്നുകളിൽ അവൾ ജീവനാകും. 
കഴിഞ്ഞ അഞ്ചാം തീയതി മാതാപിതാക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ ചങ്ങനാശ്ശേരി പള്ളം ബോർമ കവലയിൽ വച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റാണ് കുഞ്ഞ് ആലിൻ ഷെറിന് മസ്‌തിഷ്‌ക മരണം സംഭവിച്ചത്. ആദ്യം തിരുവല്ലയിലും പിന്നീട് അമൃത ആശുപത്രിയിലും ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളാണ് ആലിൻ ഷെറിനെന്ന കുഞ്ഞ്. കുഞ്ഞിനെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവരാനുള്ള എല്ലാ പരിശ്രമങ്ങളും വിഫലമായതോടെ മാതാപിതാക്കൾ തന്നെ അവയവ ദാനത്തിനു സമ്മതം അറിയിക്കുകയായിരുന്നു. സർക്കാർ സംവിധാനമായ കെസോട്ടോ വഴി തുടർ നടപടികൾ എല്ലാം ഏകോപിപ്പിച്ചു. വൃക്കകൾ തിരുവനന്തപുരം എസ്എടി ആശുപത്രിയിലും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലും ഹൃദയ വാൽവ് ശ്രീചിത്ര ഇൻസിറ്റിറ്റ്യൂട്ടിലും എത്തിച്ചു. കണ്ണുകൾ നേത്ര ബാങ്കിനു കൈമാറി. 
പാൽ പുഞ്ചിരിയോടെ ഈ ലോകത്തോട് വിട ചൊല്ലിയ ആലിൻ ഷെറിൻ സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി. 6 മാസം പ്രായമുള്ള കുഞ്ഞ് കരളും പത്ത് വയസ്സുള്ള പെൺകുട്ടി വൃക്കകളും സ്വീകരിക്കും. ഹൃദയവാൽവിന്റെ സ്വീകർത്താവിനെ പിന്നീട് തീരുമാനിക്കും. 
റോഡ് മാർഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചത്. 221 കിലോമീറ്റർ ദൂരം താണ്ടാൻ ആംബുലൻസിനു വേണ്ടിവന്നത്  3 മണിക്കൂറും 15 മിനിട്ടുകളും. അതിവേഗ യാത്രയ്ക്ക് പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ഒരുമിച്ച് വഴിയൊരുക്കി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍