Responsive Ad

നിലച്ചത് ഗന്ധർവ സംഗീതം


ചെന്നൈ : മീനവേനലിനു ഗന്ധർവ സംഗീതം ഇനി പകരില്ല,
സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് (70) അന്തരിച്ചു. ഇന്ന്  ചെന്നൈയിലെ വീട്ടിൽ  ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

1955 മാർച്ച് 5-ന്  ജനിച്ച വെങ്കിടേഷ് 1981ൽ പുറത്തിറങ്ങിയ 'പ്രേമയുദ്ധ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. മോഹൻലാലിൻ്റെ ഹിറ്റ് ചിത്രം  രാജാവിന്റെ മകനിലെ പാട്ടുകളിലൂടെ എസ്.പി.വെങ്കിടേഷ് മലയാളത്തിനു പ്രിയങ്കരനായി. പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ചു ഇന്ദ്രജാലം, പൈതൃകം, തുടർക്കഥ, വാത്സല്യം, ജോണിവാക്കർ, കിലുക്കം, ഹിറ്റ്ലർ, സോപാനം, കാബൂളിവാല, മിന്നാരം, സ്ഫടികം തുടങ്ങിയ സിനിമകളിലെ പാട്ടുകൾ ഇന്നും മലയാളികൾ നെഞ്ചേറ്റുന്നു. മലയാളത്തിൽ ഇതു വരെ 150 മലയാളം ചിത്രങ്ങൾക്ക് ഈണം നൽകിയ എസ്.പി വെങ്കിടേഷ് തമിഴ്, കന്നഡ, ബംഗാളി, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം ഗാനങ്ങൾക്ക് സംഗീതം പകർന്നു. തമ്പി കണ്ണന്താനത്തിന്റെ സിനിമകളിലാണ് സംഗീത സംവിധായകനായി ഏറ്റവും കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്. ഗിരീഷ് പുത്തഞ്ചേരിയാണ് ഏറ്റവും കൂടുതൽ തവണ എസ്.പി വെങ്കിടേഷിന് വേണ്ടി വരികളെഴുതിയിട്ടുള്ളത്. എസ്.പി വെങ്കിടേഷിന്റെ ഗാനങ്ങൾ ഏറ്റവും കൂടുതൽ ആലപിച്ചത് കെ.എസ് ചിത്രയായിരുന്നു. കുഞ്ഞിക്കിളിയേ കൂടെവിടേ, കിലുകിൽ പമ്പരം, മീനവേനലിൽ, ഊട്ടിപ്പട്ടണം, ശാന്തമീ രാത്രിയിൽ, മുത്തുമണിത്തൂവൽ തരാം, കനകനിലാവേ തുയിലുണരൂ, പാതിരാക്കിളി വരൂ, കറുകവയൽക്കുരുവീ, മാലിനിയുടെ തീരങ്ങൾ, നീലാഞ്ജന പൂവിൻ, അലയും കാറ്റിൻ ഹൃദയം, താ‍മരക്കണ്ണനുറങ്ങേണം, പുത്തൻ‌പുതുക്കാലം മുത്തമിട്ടനേരം, കാബൂളിവാലാ നാടോടി, പാൽനിലാവിനും, നിലാവേ മായുമോ, ഒരു വല്ലം പൊന്നും പൂവും, ചിങ്കാരക്കിന്നാരം ചിരിച്ചു കൊഞ്ചുന്ന, ആറ്റിറമ്പിലാല്‍‌മരത്തില്‍, ഏഴിമല പൂഞ്ചോല, പരുമലച്ചെരുവിലെ, നീയുറങ്ങിയോ നിലാവേ തുടങ്ങി സംഗീത പ്രേമികൾ എക്കാലവും ഓർത്തിരിക്കുന്ന ഹിറ്റുകൾ നൽകിക്കൊണ്ടാണ് എസ്.പി വെങ്കിടേഷ് വിട പറയുന്നത്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍