പാലക്കാട്: ഇന്ത്യാ മുന്നണിയുടെ ഭാഗമാകാൻ സിപിഎം വിമതർ
പാലക്കാട് : ജില്ലയിലെ സിപിഎം വിമതർ യോജിച്ച പ്ലാറ്റ്ഫോമിലേക്ക്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ സിപിഎമ്മിനെ ഞെട്ടിച്ച കൊഴിഞ്ഞാമ്പാറ മാതൃക നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പല ഭാഗത്തും പരീക്ഷിക്കാൻ സിപിഎം വിമതരും യുഡിഎഫും ഒരുമിക്കുന്നതായാണു സൂചന. യുഡിഎഫ് നേതൃത്വം ഇതിനായുള്ള നീക്കങ്ങൾ കാര്യമായി നടത്തുന്നുണ്ട്. സിപിഎം ജില്ലാ നേതൃത്വവുമായുള്ള തർക്കം കടുത്ത വിഭാഗീയതയിലേക്ക് നീങ്ങിയപ്പോൾ വിമതവിഭാഗം യുഡിഎഫിനൊപ്പം ചേർന്ന് ഇന്ത്യാ മുന്നണിയായി തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിച്ചത് കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ ഭരണ മാറ്റത്തിനു ഇടയാക്കിയിരുന്നു.
ഇതേ രീതിയിൽ അസംബ്ലി തിരഞ്ഞെടുപ്പിലും യോജിച്ച് പ്രവർത്തിക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ ആരായുന്നത്. കഴിഞ്ഞ സിപിഎം ജില്ലാ സമ്മേളനത്തിനു ശേഷമാണ് പാലക്കാട് വിഭാഗീയത രൂക്ഷമായത്. നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവും പ്രകടനങ്ങളും ഉണ്ടായിരുന്നു. മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ.ശശിയെ ഒപ്പം ചേർക്കാനും വിമതർ നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വിമത വിഭാഗം യുഡിഎഫുമായി ചേർന്ന് ഇന്ത്യ മുന്നണിയായി മത്സരിച്ച് കൊഴിഞ്ഞാമ്പാറയിലെ 19 സീറ്റിൽ 13 എണ്ണം പിടിച്ചിരുന്നു. ഇതിനിടെ ഈ സഖ്യത്തിലെ ഒരംഗം മറുപക്ഷത്തേക്ക് പോയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍