Responsive Ad

ഈന്തുകൾക്ക് രോഗ ബാധ; വിദഗ്‌ധ പഠനവും പരിഹാരവും വേണം


കോഴിക്കോട് : ഗ്രാമീണ മേഖലകളിൽ സമൃദ്ധമായി വളർന്നിരുന്ന ഈന്ത് മരങ്ങൾ പെട്ടെന്ന് ഉണങ്ങി നശിക്കാൻ ഇടയാകുന്ന സാഹചര്യത്തെ കുറിച്ച് പഠിച്ച് അടിയന്തര പരിഹാരം വേണമെന്ന ആവശ്യം ശക്ത‌മായി. പതിറ്റാണ്ടുകൾ പഴക്കമുള്ള വലിയ ഈന്ത് മരങ്ങൾ ഇതിനകം ഉണങ്ങി നശിച്ചിട്ടുണ്ട്. കാര്യമായ രോഗബാധകൾ ഒന്നും തന്നെ ബാധിക്കാത്ത ഈന്തുകളാണ് കഴിഞ്ഞ രണ്ടു വർഷമായി ഉണങ്ങി നശിക്കുന്നത്. എന്നിട്ടും ഈ പ്രശ്‌നത്തെ കുറിച്ച് വിദഗ്‌ധ പഠനങ്ങൾ ഉണ്ടായിട്ടില്ല. ആദ്യം ഇലകൾ മഞ്ഞളിക്കുകയും ക്രമേണ ഈന്തുകൾ തടി ഉൾപ്പെടെ ഉണങ്ങുകയും ചെയ്യുന്നു. കീട ബാധകൾ കാരണമാണ് ഈന്തുകൾ ഉണങ്ങുന്നതെന്നാണ് പ്രാഥമിക നിഗമനം. നരിക്കുനി, കാക്കൂർ, ബാലുശ്ശേരി, പനങ്ങാട്, മേപ്പയൂർ മേഖലകളിൽ ഈന്തുകൾ വ്യാപകമായി ഉണങ്ങുന്നുണ്ട്. ഈന്ത് മരങ്ങളുടെ ഇലയിലെയും തണ്ടിലെയും നീരൂറ്റികുടിക്കുന്ന ചെറു പ്രാണികളെ നശിപ്പിക്കാനുള്ള മരുന്നുകൾ നരിക്കുനി മേഖലയിൽ പ്രയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിൻ്റെ ഫലപ്രാപ്‌തി എങ്ങനെയെന്ന് പരിശോധിച്ച ശേഷം തുടർ നടപടികൾ ഉണ്ടാകും. ആവാസ വ്യവസ്‌ഥയിലും പ്രകൃതിയിലും വളരെയേറെ പ്രാധാന്യമുള്ളവയാണ് ഈന്ത് മരങ്ങൾ. ഇവയുടെ നാശം സംഭവിക്കാതിരിക്കാൻ കാർഷിക വിദഗ്‌ധർ ഫലപ്രദമായ ഇടപെടലുകൾ നടത്തണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍