നടപ്പാതയിൽ വാഹനങ്ങൾ കയറ്റുന്നതിനെതിരെ കർശന നടപടി
കോഴിക്കോട് : റോഡിലെ നിയമലംഘകര്‍ക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത പ്രഭാവതി അമ്മയുടെ ഇടപെടലില്‍ നടപടി വന്നു. എരഞ്ഞിപ്പാലം നടപ്പാതയിലൂടെ സ്‌കൂട്ടര്‍ ഓടിച്ച യാത്രക്കാരന്റെ ഡ്രൈവിംഗ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഇയാൾ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശീലനത്തിനും പങ്കെടുക്കണം. സസ്പെൻഷൻ കാലാവധി എത്രയെന്ന് പരിശോധിച്ച് തീരുമാനിക്കും.
എരഞ്ഞിപ്പാലം ജംഗ്ഷനില്‍ വെച്ച് ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചു വന്നയാളെ പ്രഭാവതി അമ്മ തടഞ്ഞുനിര്‍ത്തിയിരുന്നു. റോഡിലൂടെ പോകാന്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന യാത്രക്കാരൻ പ്രഭാവതി തന്റെ സ്മാർട്ട് ഫോൺ എടുത്ത് വീഡിയോ ഷൂട്ട് ചെയ്യാൻ തുടങ്ങിയതോടെ പുറകോട്ട് പോവുകയായിരുന്നു.
ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ വൈറലായതോടെ പ്രഭാവതി അമ്മയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. പ്രഭാവതി അമ്മ ഇഫക്ട് എന്ന പേരില്‍ ഈ സംഭവം ചര്‍ച്ചയായി. പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നഗരത്തിൽ ഒട്ടേറെ സ്ഥലങ്ങളിൽ പരിശോധന നടത്തി. കോഴിക്കോട്ടെ സാമൂഹിക പ്രവർത്തകയാണ് പ്രഭാവതി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍