ആൻഡമാൻ മഴക്കാടുകൾ നശിപ്പിക്കുന്നതിന് എതിരെ രാഹുൽ ഗാന്ധി
അദാനിയുടെ മനോരാജ്യം പൂവണിയാൻ ഇടതൂർന്ന മഴക്കാടുകളാണ് വെട്ടിനശിപ്പിക്കാൻ പോകുന്നതെന്നും ഇതിനെതിരേ രാജ്യം കണ്ണുതുറക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ആൻഡമാൻ സന്ദർശിച്ച രാഹുൽ, അവിടെയുള്ള ആദിവാസികളുമായും കുടിയേറ്റക്കാരുമായും സംവദിച്ച ശേഷം പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്.
ഗ്രേറ്റ് നികോബാറിൽ നടക്കുന്നത് രാജ്യത്തിന്റെ പ്രകൃതി-ഗോത്ര പൈതൃകത്തിനെതിരേ നമ്മുടെ ജീവിതകാലത്തുള്ള ഏറ്റവുംവലിയ അഴിമതിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
"ഇവിടെ ലക്ഷക്കണക്കിന് കോടിയുടെ ഇടതൂർന്ന മരങ്ങളുണ്ട്. ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യനും ഈ പദ്ധതിക്കെതിരാണ്. അവരോട് ആരും ചോദിച്ചിട്ടില്ല. അവരുടെ ഭൂമിക്ക് എത്ര നഷ്ടപരിഹാരം കിട്ടുമെന്നറിയില്ല. കൊള്ളയുടെ ഈ മൊത്തക്കച്ചവടം കൂടുതൽ ജനങ്ങൾ കാണണം. ഇവിടെ ഗോത്രവർഗക്കാരും കുടിയേറ്റക്കാരും ഈ മേഖല സംരക്ഷിക്കാൻമാത്രമായി വന്ന വിരമിച്ച പട്ടാളക്കാരുമുണ്ട്. അവർ ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കാനാവശ്യപ്പെട്ടതിനാലാണ് ഇവിടെ വന്നത്. ഇന്ത്യയിലെ യുവാക്കളുടെ ഭാവിയാണിത്. പരിസ്ഥിതി സംരക്ഷിക്കാൻ അവർ മുന്നോട്ടുവരണം’’ -രാഹുൽ പറഞ്ഞു.
‘‘ഇതിനെ സർക്കാർ ‘പദ്ധതി’ എന്നുവിളിക്കുന്നു. പക്ഷേ, അവിടെ കണ്ടത് പദ്ധതിയല്ല. കോടാലിക്കായി അടയാളപ്പെടുത്തിയ കോടിക്കണക്കിന് മരങ്ങളുണ്ട്. 160 ചതുരശ്രകിലോമീറ്റർ മഴക്കാടുകൾ നശിപ്പിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. ഇത് വികസനമല്ല. വികസനത്തിന്റെ ഭാഷയിൽ പൊതിഞ്ഞ നാശമാണ്. ഗുരുതര കുറ്റകൃത്യമാണ്. ഇന്ത്യക്കാർ ഒരുമിച്ചാൽ ഈ നാശം തടയാനാകും’’ -രാഹുൽ കൂട്ടിച്ചേർത്തു.
160 ചതുരശ്രകിലോമീറ്റർ മഴക്കാടുകൾ നശിപ്പിച്ച് അദാനിക്ക് സൈനീക - സമുദ്രവാണിജ്യ പോർട്ട് നിർമ്മിക്കാനാണ് അനുമതി കേന്ദ്രം നൽകിയിരിക്കുന്നത്. ഇത് വികസനമോ അതോ പാരിസ്ഥിതിക തകർച്ചയോ ?
ഇപ്പോൾ തന്നെ കാലാവസ്ഥ ഇന്ത്യയിൽ പ്രവചനാതീതമായി മാറിക്കഴിഞ്ഞു. കടുത്ത ചൂടാണ് പ്രധാന നഗരങ്ങളിലെല്ലാം.2026 ലെ ലോകത്തെത്തന്നെ കൊടും ചൂടുള്ള നഗരങ്ങളുടെ ആദ്യ 100 പട്ടികയിൽ ഇന്ത്യയിലെ ഒഡിഷ,ഛത്തിസ്‌ഗഢ്, മഹാരാഷ്ട്ര, ദൽഹി ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാങ്ങൾ ഇടം നേടിയിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍