പ്രമുഖ സംഗീത സംവിധായകനെതിരെ തീവ്രമായ ലൈംഗിക, വൈകാരിക, സാമ്പത്തിക പീഡന ആരോപണങ്ങളുമായി തമിഴ് പിന്നണി ഗായികയും നടിയുമായ സ്വാഗത എസ് കൃഷ്ണൻ. ഏഴു വർഷം മുമ്പ് താൻ കൂടെ ജോലി ചെയ്ത പ്രശസ്തനായ തമിഴ് സംഗീത സംവിധായകനെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. യഥാർത്ഥ പേര് വെളിപ്പെടുത്താതെ, ‘മദ്രാസിലെ എപ്സ്റ്റീൻ’ എന്ന് ഇയാളെ വിശേഷിപ്പിച്ച സ്വാഗത, അയാൾ ഒരു ‘സീരിയൽ അബ്യൂസർ’ ആണെന്നും നിരവധി പെൺകുട്ടികൾ അയാളുടെ കെണിയിൽ പെട്ടതായും വെളിപ്പെടുത്തി. 

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്വാഗത താൻ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്.  ചെന്നൈയിലെ സംഗീത സംവിധായകന്റെ സ്റ്റുഡിയോയിലാണ് സംഭവങ്ങൾ നടന്നത്. സുരക്ഷിതമെന്ന് കരുതിയ ഈ സ്റ്റുഡിയോയിലെ സൗണ്ട് പ്രൂഫ് മുറിയിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, പീഡിപ്പിക്കുന്ന പെൺകുട്ടികളെ ഭീഷണിപ്പെടുത്താൻ ഇവയിലെ ദൃശ്യങ്ങങൾ ഉപയോഗിച്ചിരുന്നതായും അവർ ആരോപിച്ചു.

ഒമ്പത് വർഷം നീണ്ട പ്രണയബന്ധം തകർന്ന് താൻ മാനസികമായി തകർന്നിരുന്ന സമയത്താണ് ഇയാൾ അടുക്കുന്നത്. ആദ്യം ഒരു വഴികാട്ടിയെപ്പോലെ വിശ്വാസം നേടിയെടുക്കുകയും പിന്നീട് വൈകാരികമായി അടിമയാക്കി പീഡിപ്പിക്കുകയുമായിരുന്നു. ജോലി ചെയ്തതിന് ശമ്പളം നൽകിയിരുന്നില്ല. തന്റെ വസ്തു വിറ്റു കിട്ടിയ പണം പല ആവശ്യങ്ങൾക്കായി കൈവശപ്പെടുത്തി. ഭാര്യയ്ക്ക് ഐഫോൺ വാങ്ങിക്കൊടുത്തത് പോലും തന്റെ പണം ഉപയോഗിച്ചാണ്.

തനിക്കു വേണ്ടി പാടാൻ വരുന്ന ചെറിയ പെൺകുട്ടികളെ ദുരുദ്ദേശ്യത്തോടെയാണ് ഇയാൾ നോക്കാറുണ്ടായിരുന്നതെന്നും, സ്വതന്ത്ര സംഗീതജ്ഞരെയും മറ്റ് ദുർബലരായ സ്ത്രീകളെയും ലക്ഷ്യമിട്ടാണ് ഇയാൾ പ്രവർത്തിക്കുന്നതെന്നും സ്വാഗത ആരോപിക്കുന്നു. 

സ്റ്റുഡിയോയ്ക്കുള്ളിൽ താൻ നേരിട്ട അനുഭവത്തിന്റെ ആഘാതം വലുതായിരുന്നു. സിനിമ, സംഗീത കരിയർ തന്നെ അവസാനിപ്പിക്കാൻ താൻ തീരുമാനിച്ചത് അതുകൊണ്ടാണ്. ഇതിനെത്തുടർന്നാണ് ചെന്നൈ വിട്ട് ഋഷികേശിലേക്ക് താമസം മാറിയതെന്നും അവർ പറഞ്ഞു.

താൻ മാത്രമല്ല ഇയാളുടെ ഇരയെന്നും കൂടുതൽ സ്ത്രീകൾ പരാതിയുമായി മുന്നോട്ട് വന്നാൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സ്വാഗത വ്യക്തമാക്കി. അതേസമയം, സിനിമ മേഖലയിലെ മാന്യരായ വ്യക്തിത്വങ്ങളായി ജി.വി. പ്രകാശ് കുമാർ, ജിബ്രാൻ, ഡി. ഇമ്മൻ, അനിരുദ്ധ് രവിചന്ദർ എന്നിവരെ താരം പ്രശംസിച്ചു.