കൈകാലുകൾ നഷ്ടമായത് നാലായിരത്തോളം കുട്ടികൾക്ക്
ഇസ്രയേൽ ആക്രമണത്തിൽ ഏകദേശം 4000ത്തോളം ഫലസ്തീൻ കുട്ടികൾക്ക് കൈകാലുകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. കൃത്രിമ അവയവങ്ങൾ ഘടിപ്പിക്കാനോ തുടർ ചികിത്സക്കോ ഉള്ള സംവിധാനങ്ങൾ ഇല്ലാതെ ഇത്തരത്തിൽ കഷ്ടപ്പെടുന്ന കുട്ടികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒക്ടോബറിലെ ഹമാസ് പ്രതിരോധ ആക്രമണത്തിന് ശേഷം ഇസ്രയേൽ ആരംഭിച്ച മനുഷ്യത്വ രഹിതമായ യുദ്ധത്തിൽ 72,000ത്തോളം ജീവനുകൾ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ പട്ടിണി കാരണം മരിച്ചവരുടെ എണ്ണം വേറെയുമുണ്ട്. കാലുകൾ നഷ്ടപ്പെട്ട കുട്ടികൾ തകർന്ന കെട്ടിടങ്ങൾക്കിടയിലും ദുരിതാശ്വാസ ക്യാമ്പുകളിലെ പൊടിനിറഞ്ഞ വഴികളിലും ബുദ്ധിമുട്ടി സഞ്ചരിക്കുന്ന അതിദാരുണമായ ദൃശ്യങ്ങൾ കാഴ്ചക്കാരിൽ വലിയ നൊമ്പരമാണ് ഉണ്ടാക്കുന്നത്.
ആധുനിക ചരിത്രത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ കുട്ടികൾക്ക് അവയവങ്ങൾ നഷ്ടപ്പെട്ടത് ഗസ്സയിലാണെന്ന് യൂണിസെഫ് ഉൾപ്പെടെയുള്ള ഏജൻസികൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മൂവായിരത്തിനും നാലായിരത്തിനും ഇടയിൽ കുട്ടികൾക്കെങ്കിലും ഇതിനോടകം യുദ്ധത്തിൽ കൈകാലുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര കണക്കുകൾ സൂചിപ്പിക്കുന്നത്. ജനവാസ മേഖലകളിൽ പ്രയോഗിക്കുന്ന മാരകമായ സ്‌ഫോടകവസ്തുക്കളും, അനസ്‌തേഷ്യ ഉൾപ്പെടെയുള്ള അടിസ്ഥാന ചികിത്സാ സൗകര്യങ്ങളുടെ കടുത്ത അഭാവവുമാണ് ഇത്രയധികം കുട്ടികളെ അംഗവൈകല്യത്തിലേക്ക് തള്ളിവിട്ടത്. കൃത്രിമ അവയവങ്ങൾ ഘടിപ്പിക്കാനോ തുടർചികിത്സ നൽകാനോ കഴിയാത്ത വിധം ഗസ്സയിലെ ആരോഗ്യമേഖല പൂർണ്ണമായും തകർന്നിരിക്കുകയാണ്.
ഗസ്സയിൽ തുടരുന്ന ഇസ്രയേൽ ആക്രമണങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലും നിരവധി പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മെയ് രണ്ട്, മൂന്ന് തീയതികളിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴ് മൃതദേഹങ്ങളും പരിക്കേറ്റ ഇരുപത്തേഴ് പേരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതോടെ ഇസ്രയേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ ഔദ്യോഗിക എണ്ണം 72,609 ആയി ഉയർന്നു. ഇതുവരെ 1,72,445 പേർക്കാണ് വിവിധ ആക്രമണങ്ങളിലായി ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍