Responsive Ad

ഇറാനിയന്‍ സൂപ്പര്‍ ടാങ്കർ അമേരിക്കയെ വെട്ടിച്ച് ലക്ഷ്യത്തിൽ


അമേരിക്കയുടെ കര്‍ശനമായ നാവിക ഉപരോധത്തെ വെട്ടിച്ച് 220 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അസംസ്‌കൃത എണ്ണയുമായി ഇറാനിയന്‍ സൂപ്പര്‍ ടാങ്കര്‍ ഏഷ്യ-പസഫിക് മേഖലയിലെത്തിയതായി റിപ്പോര്‍ട്ട്. നാഷണല്‍ ഇറാനിയന്‍ ടാങ്കര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'ഹ്യൂജ്' (Huge) എന്ന കപ്പലാണ് 19 ലക്ഷം ബാരല്‍ എണ്ണയുമായി ലക്ഷ്യസ്ഥാനത്തെത്തിയത്.

നിരീക്ഷണ സംവിധാനങ്ങളെ വെട്ടിക്കാന്‍ 'ഡാര്‍ക്ക് ആക്ടിവിറ്റി' എന്ന രീതി കപ്പല്‍ സ്വീകരിച്ചതായാണ് കരുതുന്നത്. മാര്‍ച്ച് 20 മുതല്‍ കപ്പലിലെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ഓഫ് ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്. 

ശ്രീലങ്കയ്ക്ക് സമീപം വെച്ച് സിഗ്‌നല്‍ നഷ്ടമായ കപ്പല്‍, ആഴ്ചകള്‍ക്ക് ശേഷം ഇന്തോനേഷ്യയിലെ ലോംബോക്ക് കടലിടുക്ക് വഴിയാണ് തെക്കുകിഴക്കന്‍ ഏഷ്യയിലെത്തിയത്. ഇന്തോനേഷ്യയിലെ റിയാവു ദ്വീപസമൂഹത്തിന് സമീപം കപ്പല്‍ എണ്ണ എത്തിച്ചതായാണ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം ഹോര്‍മുസ് കടലിടുക്കില്‍ തങ്ങള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണമുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കേറ്റ തിരിച്ചടിയായാണ് ഈ നീക്കം. ഏപ്രില്‍ 13-ന് ആരംഭിച്ച യു.എസ് നാവിക ഉപരോധം വഴി ഇറാന്റെ എണ്ണ വരുമാനം പൂര്‍ണ്ണമായും തടയുകയായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം.

അതിനിടെ തങ്ങളുടെ 52 കപ്പലുകള്‍ ഇതിനോടകം ഉപരോധം ലംഘിച്ച് മുന്നേറിയെന്നും അമേരിക്കയുടെ നീക്കം പരാജയമാണെന്നും ഇറാന്‍ അവകാശപ്പെടുന്നു. എന്നാല്‍, ഉപരോധം ഫലപ്രദമാണെന്നും ഇതുവരെ 41 കപ്പലുകളെ തടയാന്‍ കഴിഞ്ഞതിലൂടെ ഇറാന് 4.8 ബില്യണ്‍ ഡോളറിന്റെ നഷ്ടം വരുത്തിയെന്നും യു.എസും അവകാശപ്പെടുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍