Responsive Ad

പാമ്പ് കടിയേറ്റ് മരണം; ആശുപത്രിക്കെതിരെ ആരോപണം



ആലപ്പുഴ : കായംകുളത്ത് പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. മരിച്ച സെലിനയ്ക്ക് ആവശ്യമായ ചികിത്സ നല്‍കിയില്ലെന്നാണ് പിതാവ് സമീറിന്റെ പരാതി. വിഷയത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.
ബന്ധുവിന്റെ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ വ്യാഴാഴ്ച വൈകിട്ടാണ് സെലിനക്ക് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് ഉടന്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കടിച്ചത് പാമ്പ് തന്നെയാണെന്ന് സ്ഥിരീകരിക്കാനാകാതെ ചികിത്സ വൈകിയതായാണ് ആരോപണം. ഇതോടെ ആന്റിവെനം നല്‍കാനും വൈകി.

രക്തപരിശോധനാ ഫലം കാത്തിരിക്കുന്നതിനിടെ ശുചിമുറിയില്‍ പോയ സെലിന കുഴഞ്ഞുവീണ് മരിച്ചതായാണ് വിവരം. “മോള് കുഴഞ്ഞുവീണിട്ടും ഡോക്ടേഴ്‌സോ നഴ്‌സസോ തിരിഞ്ഞു നോക്കിയില്ല” എന്നാണ് പിതാവിന്റെ ആരോപണം. ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ച ഉണ്ടായെന്നും കുടുംബം പറയുന്നു.
അതേസമയം, ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ പാമ്പ് കടിയേറ്റതിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ആര്‍എംഒ ഡോ. ശ്രീപ്രസാദ് വിശദീകരിച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇത് തള്ളുന്നതായിരുന്നു. സെലിനയുടെ കാലില്‍ പാമ്പ് കടിയേറ്റതിന്റെ അടയാളവും ശരീരത്തില്‍ കടും നീല നിറവും കണ്ടെത്തി.

ഇതോടെയാണ് ചികിത്സാപ്പിഴവ് ആരോപണം ശക്തമായത്. മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഔദ്യോഗികമായി പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍