യുഎസ് പ്രസ് സെക്രട്ടറിയുടെ വാക്കുകൾ വൈറൽ
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിന് തൊട്ടുമുന്‍പ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നു. 'ഇന്ന് രാത്രി ഹാളില്‍ ചില വെടിയുണ്ടകള്‍ പായുന്നത് കാണാം' (There will be some shots fired in the room tonight) എന്നായിരുന്നു ലെവിറ്റ് പറഞ്ഞത്. ഇതിന് തൊട്ടുപിന്നാലെ വേദിക്ക് പുറത്ത് വെടിവയ്പ്പ് നടന്നതോടെയാണ് ഈ വാക്കുകള്‍ വിവാദമായത്.
ട്രംപിന്റെ രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനങ്ങളെയും തമാശകളെയും സൂചിപ്പിക്കാനാണ് ലെവിറ്റ് ഇത്തരമൊരു പ്രയോഗം നടത്തിയത്. ട്രംപ് സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ പ്രസംഗം വളരെ രസകരവും ആവേശകരവുമായിരിക്കുമെന്നും, അദ്ദേഹം രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ 'വാക്ശരങ്ങള്‍' തൊടുക്കുമെന്നുമാണ് അവര്‍ അര്‍ത്ഥമാക്കിയത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ യഥാര്‍ത്ഥ വെടിയൊച്ചകള്‍ ഉയര്‍ന്നതോടെ പരിപാടി പരിഭ്രാന്തിയിലായി.
വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങിലേക്ക് തോക്കും കത്തികളുമായി അതിക്രമിച്ചു കയറാന്‍ ശ്രമിച്ച 31 വയസ്സുകാരനായ കോള്‍ തോമസ് അലന്‍ ആണ് വെടിവയ്പ്പ് നടത്തിയത്. കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു ട്യൂട്ടറും സോഫ്റ്റ്വെയര്‍ ഡവലപ്പറുമാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
വെടിയൊച്ച കേട്ട ഉടന്‍ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ ട്രംപിനെയും ഫസ്റ്റ് ലേഡി മെലാനിയയെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആക്രമണത്തിനിടെ ഒരു സീക്രട്ട് സര്‍വീസ് ഏജന്റിന് വെടിയേറ്റെങ്കിലും അദ്ദേഹം ധരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ജീവന്‍ രക്ഷിച്ചു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ കീഴടക്കി. ഇയാള്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.
വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വേദിയിലിരിക്കെയായിരുന്നു ഈ നടുക്കുന്ന സംഭവം. സംഭവത്തെത്തുടര്‍ന്ന് വിരുന്ന് നിര്‍ത്തിവെക്കുകയും 30 ദിവസത്തിനുള്ളില്‍ വീണ്ടും നടത്തുമെന്ന് ട്രംപ് അറിയിക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍