സജെപി പ്രക്ഷോഭത്തിന്
രാജ്യത്തെ ഞെട്ടിച്ച നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ജൂൺ 6-ന് ഇന്ത്യയിൽ തിരിച്ചെത്തുമെന്നും ഡൽഹിയിലെ ജന്തർ മന്ദിറിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.
അമേരിക്കയിൽ നിന്നുള്ള തന്റെ മടങ്ങിവരവ് വ്യക്തമാക്കിക്കൊണ്ട് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ദിപ്കെ ഇക്കാര്യം അറിയിച്ചത്. നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകളിലെ ക്രമക്കേടുകൾ കാരണം കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് ഭരണകൂടം തകർത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന് കൃത്യമായ മറുപടി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുന്നതിനാൽ താൻ ജയിലിൽ അടയ്ക്കപ്പെടുമെന്ന് കുടുംബാംഗങ്ങൾ ഭയപ്പെടുന്നുണ്ടെന്നും അഭിജീത് ദിപ്കെ വീഡിയോയിൽ വെളിപ്പെടുത്തി. എന്നാൽ ഗാന്ധിജി, ഡോ. ബി.ആർ. അംബേദ്കർ, ഭഗത് സിംഗ് എന്നിവരുടെ ആശയങ്ങളിൽ വിശ്വസിക്കുന്ന തനിക്ക് ഇന്ത്യൻ ഭരണഘടന നൽകുന്ന ജനാധിപത്യപരമായ അവകാശങ്ങളിൽ പൂർണ്ണ ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഈ പ്രതിഷേധം കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍