രക്ഷപ്പെട്ട എംഡിഎംഎ പ്രതി പത്താം ദിവസം പിടിയിൽ
കോഴിക്കോട്: ഡൽഹിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട എംഡിഎംഎ കേസ് പ്രതി മുഹമ്മദ് ഹനീഫ പത്താം ദിവസം പോലീസിന്റെ പിടിയിലായി. ജില്ലാ പോലീസ് മേധാവി ഫറാഷ് ടി. ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കോടഞ്ചേരി എസ്.ഐ. ജിതേഷ് കെ.യുടെ നേതൃത്വത്തിലുള്ള പത്തംഗ അന്വേഷണസംഘമാണ് കർണാടകയിലെ കലബുറഗിയിൽ വെച്ച് പ്രതിയെ സാഹസികമായി പിടികൂടിയത്.
ഇന്ന് പുലർച്ചെ 5.30 നാണ് അറസ്റ്റ് നടന്നത്. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയാണെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് നീക്കം നടത്തിയത്. റെയിൽവേ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ വളഞ്ഞത്. പോലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച ഹനീഫയെ പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
പ്രതിയുടെ ഫോൺകോൾ വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണസംഘം നീക്കങ്ങൾ ആസൂത്രണം ചെയ്തത്.
വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കേണ്ട പ്രതിക്കെതിരെ ഗുജറാത്തിലെ വഡോദരയിലും പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ എഫ്ഐആർ നിലവിലുണ്ട്. അതിനാൽ പ്രതിയെ ആദ്യം എവിടെ ഹാജരാക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
മേയ് 23-നാണ് മുഹമ്മദ് ഹനീഫ മുക്കം പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ വെച്ച് ട്രെയിനിൽ നിന്ന് ചാടിയാണ് ഇയാൾ രക്ഷപ്പെട്ടത്. മുക്കം ഇൻസ്പെക്ടർ നിബിൻ ജോയിയുടെ നേതൃത്വത്തിലുള്ള നാലംഗ പോലീസ് സംഘമാണ് അന്ന് പ്രതിയെ അനുഗമിച്ചിരുന്നത്.
സംഭവം പോലീസിന് വലിയ വെല്ലുവിളിയായി മാറിയതോടെ പ്രതിയെ കണ്ടെത്താൻ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. മുക്കം പോലീസിന്റെ അന്വേഷണസംഘത്തോടൊപ്പം കോടഞ്ചേരി എസ്.ഐ. ജിതേഷ് കെ.യുടെ നേതൃത്വത്തിലുള്ള നാല് ഉദ്യോഗസ്ഥർ കൂടി ചേർന്ന് വ്യാപകമായ അന്വേഷണം നടത്തി. നിരവധി ദിവസങ്ങളായുള്ള നിരന്തര അന്വേഷണത്തിനൊടുവിലാണ് പ്രതിയെ വീണ്ടും നിയമത്തിന് മുന്നിലെത്തിക്കാൻ പോലീസിന് കഴിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍