വൃത്തിഹീനമായി ബ്രഡ് നിർമ്മാണം; കമ്പനി പൂട്ടിച്ചു
മലപ്പുറം :
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും കാലാവധി കഴിഞ്ഞ സാധനങ്ങൾ വീണ്ടും ഉപയോഗിച്ച് മറ്റ് ഉൽപ്പന്നങ്ങളാക്കി മാറ്റുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം വാഴക്കാട് മുണ്ടുമുഴി ചിറ്റാരിക്കുന്നിൽ പ്രവർത്തിച്ചിരുന്ന നൈസ് ബ്രഡ് കമ്പനി അധികൃതർ അടച്ചുപൂട്ടിച്ചു.
വാഴക്കാട് പഞ്ചായത്തും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. ലൈസൻസും ജീവനക്കാർക്കാവശ്യമായ ഹെൽത്ത് കാർഡും ഇല്ലാതെയായിരുന്നു യൂണിറ്റിന്റെ പ്രവർത്തനം. കൂടാതെ, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വീണ്ടും സംസ്കരിച്ച് മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നതായും പരിശോധനയിൽ വ്യക്തമായി.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍