Responsive Ad

ഒരു കോടിയുടെ ഹെറോയിന്‍ പിടികൂടി

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി കേരള റെയില്‍വേ പോലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ഇന്‍റലിജന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയില്‍ ഒരു കോടി രൂപയിലധികം വില വരുന്ന 220 ഗ്രാം ഹെറോയിന്‍ പിടികൂടി.

ഇന്‍വെര്‍ട്ടറിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. സംഭവത്തില്‍ അസം സ്വദേശികളായ നസീര്‍ ഉദ്ദീന്‍, കസ്വാര്‍ അഹമ്മദ് മഞ്ജുദാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കേരള റെയില്‍വേ പോലീസ് സൂപ്രണ്ട് ബി. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. 
പ്രതികളുടെ കൈവശമുണ്ടായിരുന്ന ഇന്‍വെര്‍ട്ടറിന് അസാധാരണമായി ഭാരക്കുറവ് അനുഭവപ്പെട്ടതിനാല്‍, തുറന്ന് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയില്‍ ഹെറോയിന്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത ഹെറോയിന്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബോറട്ടറിയിലേക്ക് അയക്കും. 
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി റെയില്‍വേ യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും റെയില്‍വേ പരിസരങ്ങളിലെ ലഹരിക്കടത്തും വിതരണവും തടയുന്നതിനുമായി പ്രത്യേക പരിശോധനകള്‍ തുടര്‍ന്നും നടത്തുമെന്നും റെയില്‍വേ പോലീസ് മേധാവി അറിയിച്ചു. ലഹരി വിപണനത്തെക്കുറിച്ചുള്ള സത്യസന്ധമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9846200100) വാട്സ്ആപ്പ് (9497935859) മുഖേനയും റെയില്‍വേ പോലീസിനെ അറിയിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍