Responsive Ad

വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം

ന്യൂഡൽഹി : വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി ബിൽ 2026-നെതിരെ പാർലമെന്റിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എൻജിഒകളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ബിൽ കൊണ്ടുവന്നതെന്ന് കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ ആരോപിച്ചു. ഒരു വശത്ത് ആർഎസ്എസ് വിദേശ രാജ്യങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുമ്പോൾ, മറുവശത്ത് ന്യൂനപക്ഷങ്ങളെയും എൻജിഒകളെയും സർക്കാർ ലക്ഷ്യമിടുകയാണെന്നാണ് വേണുഗോപാലിന്റെ വിമർശനം. ബിൽ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്നലെ വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി ബിൽ ശബ്ദവോട്ടോടെ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിട്ടു. ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ ഹാജരാകാതിരുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ബിൽ ജെപിസിക്ക് വിടാനുള്ള പ്രമേയം അവതരിപ്പിച്ചത്. 31 അംഗ ജെപിസി ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസത്തിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

ബിൽ അവതരിപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തി. ആർഎസ്എസ് പോലുള്ള സംഘടനകളെ ഒഴിവാക്കി എൻജിഒകളെയും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് നിയമനിർമാണമെന്ന് പ്രതിപക്ഷം ആരോപിച്ചു.
ബില്ലുകളെ സമിതികൾക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇപ്പോൾ സർക്കാർ അതിന് തയ്യാറായപ്പോൾ പ്രതിപക്ഷം എതിർക്കുകയാണെന്നും കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പ്രതികരിച്ചു. ഇതിന് മറുപടിയായി, ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടാത്ത ഏതെങ്കിലും ബിൽ സർക്കാർ കൊണ്ടുവന്നിട്ടുണ്ടോ എന്ന് സമാജ്‌വാദി പാർട്ടി എംപി അഖിലേഷ് യാദവ് ചോദിച്ചു.

അതേസമയം, FCRA ലൈസൻസ് റദ്ദാക്കപ്പെട്ടതോ തിരിച്ചേൽപ്പിച്ചതോ കാലാവധി കഴിഞ്ഞതോ ആയ എൻജിഒകളുടെ ആസ്തികൾ താൽക്കാലികമായോ സ്ഥിരമായോ നിയന്ത്രിക്കുന്നതിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കാനും ബിൽ നിർദേശിക്കുന്നു. ഇത്തരം ആസ്തികൾ കൈകാര്യം ചെയ്യുന്നതിനും വിനിയോഗിക്കുന്നതിനുമുള്ള അധികാരവും അതോറിറ്റിക്ക് നൽകും. ഫണ്ട് വിനിയോഗത്തിനുള്ള സമയപരിധി, ലൈസൻസ് സസ്‌പെൻഡ് ചെയ്ത കാലയളവിലെ ആസ്തി നിയന്ത്രണം, പിഴകൾ യുക്തിസഹമാക്കൽ തുടങ്ങിയ വ്യവസ്ഥകളും ബില്ലിലുണ്ട്.

ബജറ്റ് സമ്മേളനത്തിൽ ആദ്യമായി അവതരിപ്പിച്ച ബില്ലിനെതിരെ കേരളത്തിലെ ക്രൈസ്തവ സഭാ നേതാക്കളിൽനിന്നും പ്രതിപക്ഷത്തുനിന്നും ശക്തമായ എതിർപ്പുയർന്നിരുന്നു. തുടർന്ന് ഏപ്രിൽ ഒന്നിന് ബിൽ മാറ്റിവെച്ചിരുന്നു. ഇപ്പോൾ വീണ്ടും ബിൽ ജെപിസിക്ക് വിട്ടതോടെ വിഷയത്തിൽ രാഷ്ട്രീയ വിവാദം ശക്തമായിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍