ലുങ്കി വാല പരാമർശം : പ്രതിഷേധം
ന്യൂഡൽഹി : രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പിക്കെതിരെ ബി.ജെ.പി എം.പി നടത്തിയ ‘ലുങ്കിവാല’ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ മുണ്ടുടുത്ത് സഭയിലെത്തി.
പരമ്പരാഗത വസ്ത്രധാരണത്തെ അപമാനിച്ച നടപടിക്കെതിരായ പ്രതിഷേധമായാണ് ഖാർഗെ മുണ്ടുടുത്ത് എത്തി ബ്രിട്ടാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
രാജ്യസഭയിൽ സംസാരിക്കുന്നതിനിടെയാണ് കേരളത്തിൽ നിന്നുള്ള എം.പി ജോൺ ബ്രിട്ടാസിനെതിരെ ബി.ജെ.പി അംഗം ‘ലുങ്കിവാല’ എന്ന അധിക്ഷേപ പരാമർശം നടത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച ബ്രിട്ടാസ് അവകാശലംഘന നോട്ടീസ് നൽകുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
ദക്ഷിണേന്ത്യൻ സംസ്കാരത്തെയും പ്രാദേശിക വസ്ത്രധാരണത്തെയും പരിഹസിക്കുന്ന നടപടിക്കെതിരെ പ്രതിപക്ഷ എം.പിമാർ രംഗത്തെത്തി. ഇതിനിടെയാണ് മുണ്ടുടുത്ത് സഭയിലെത്തിയ ഖാർഗെ ബ്രിട്ടാസിന് പിന്തുണ പ്രഖ്യാപിച്ചത്. ഖാർഗെയുടെ വേഷം സഭയിൽ ശ്രദ്ധേയമായ പ്രതിഷേധമായി മാറി.
സംഭവത്തെ തുടർന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള പ്രതിഷേധവും ബഹളവും ശക്തമായതോടെ രാജ്യസഭാ നടപടികൾ തടസ്സപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍