Responsive Ad

സാഹോദര്യത്തിൻ്റെ മാതൃകാ സന്ദേശം

മീററ്റ് : വര്‍ഗീയ സംഘര്‍ഷങ്ങളുടെയും വിദ്വേഷ വാര്‍ത്തകളുടെയും ഇടയില്‍ നിന്ന് ഉത്തര്‍പ്രദേശില്‍ നിന്നൊരു ആശ്വാസ കാഴ്ച. ഹൃദയാഘാതം മൂലം മരണപ്പെട്ട മുസ്ലിം യുവാവിന്റെ വിലാപയാത്രയ്ക്ക് സുഗമമായി കടന്നുപോകാന്‍ തങ്ങളുടെ കാവഡ് തീര്‍ഥാടനം നിര്‍ത്തിവെച്ച് വഴിയൊരുക്കി ശിവഭക്തര്‍. മീററ്റ് ജില്ലയിലെ സിവായ ഗ്രാമത്തില്‍ ഡല്‍ഹി-ഡെറാഡൂണ്‍ ദേശീയപാതയിലാണ് മാനവികതയുടെയും മതസൗഹാര്‍ദത്തിന്റെയും മനോഹരമായ ഈ സംഭവം നടന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച നിസാം (40) എന്നയാളുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഖബറടക്കത്തിനായി ദേശീയപാത മുറിച്ചുകടക്കേണ്ടിയിരുന്നു. പാതയുടെ മറുവശത്തുള്ള ഖബറിസ്ഥാനിലേക്ക് പോകാന്‍ ബന്ധുക്കള്‍ പ്രാദേശിക പൊലീസിന്റെ സഹായം തേടുകയായിരുന്നു. ദൗലത്താബാദ് പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് സുമന്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം വഴിയൊരുക്കാന്‍ എത്തിയതോടെയാണ് സംഭവം.

സ്ഥലത്തുണ്ടായിരുന്ന ആയിരക്കണക്കിന് കാവഡ് തീര്‍ഥാടകര്‍ വിഷയം മനസ്സിലാക്കുകയും ഉടനടി തങ്ങളുടെ യാത്ര നിര്‍ത്തിവെക്കുകയുമായിരുന്നു. എന്ന് മാത്രമല്ല, വിലാപയാത്രയ്ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ ദേശീയപാതയില്‍ തീര്‍ഥാടകര്‍ തന്നെ മനുഷ്യച്ചങ്ങല തീര്‍ത്ത് മറ്റ് വാഹനങ്ങളെ നിയന്ത്രിക്കുകയും ചെയ്തു.

തീര്‍ഥാടന വേളയില്‍ സാധാരണയായി ഉറക്കെ മുഴക്കുന്ന 'ഹര്‍ ഹര്‍ മഹാദേവ്' നിര്‍ത്തിവെച്ച്, വിലാപയാത്ര പൂര്‍ണ്ണമായി കടന്നുപോകുന്നത് വരെ ശിവഭക്തര്‍ പൂര്‍ണ്ണ നിശബ്ദത പാലിച്ചാണ് നിസാമിനോടുള്ള ആദരം അര്‍പ്പിച്ചത്. ഖബറടക്ക ചടങ്ങുകള്‍ക്കായി വിലാപയാത്ര കടന്നുപോയ ശേഷമാണ് തീര്‍ഥാടകര്‍ തങ്ങളുടെ യാത്ര പുനരാരംഭിച്ചത്.

വര്‍ഗീയ മതിലുകള്‍ക്കപ്പുറം സാഹോദര്യത്തിന്റെ വികാരം വിളിച്ചോതിയ ഈ സംഭവം സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്യുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍