Responsive Ad

അശ്ലീല രംഗങ്ങളോട് കോംപ്രമൈസില്ല: നിവിൻ പോളി

സിനിമകളിൽ അനാവശ്യമായ ദ്വയാർഥ പ്രയോഗങ്ങളും അശ്ലീല രംഗങ്ങളും ഒഴിവാക്കണമെന്നത് കരിയറിന്റെ തുടക്കം മുതൽ താൻ സ്വീകരിച്ച ഉറച്ച നിലപാടാണെന്ന് നടൻ നിവിൻ പോളി. ഒരു കഥ പ്രേക്ഷകരോട് പറയാൻ ഇത്തരം കാര്യങ്ങളുടെ യാതൊരു ആവശ്യവുമില്ലെന്നും തനിക്ക് കംഫർട്ടബിൾ അല്ലാത്ത രംഗങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടാൽ അത്തരം സിനിമകളിൽനിന്ന് മാറിനിൽക്കാൻ പോലും മടിച്ചിരുന്നില്ല. 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' പോലെ തന്റെ ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിക്കുന്നതിൽ അതുമൊരു കാരണമായിട്ടുണ്ടാകാമെന്നും താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് കരിയറിലെ അനുഭവങ്ങളും നിലപാടുകളും നിവിൻ പങ്കുവച്ചത്.

സംവിധായകനും സുഹൃത്തുമായ വിനീത് ശ്രീനിവാസന്റെ സിനിമകളുടെ സെറ്റുകളിൽ പുലർത്തുന്ന മാന്യമായ അന്തരീക്ഷത്തെ നിവിൻ പ്രശംസിച്ചു. ''വിനീതിന്റെ ചിത്രങ്ങൾ എപ്പോഴും ക്ലീൻ ആൻഡ് നീറ്റ് ആയിരിക്കും. അവന്റെ സിനിമകളിൽ ആവശ്യമില്ലാത്ത വഷളത്തരങ്ങളോ ഡബിൾ മീനിങ് ഡയലോഗുകളോ ഉണ്ടാകാറില്ല. സിനിമയിൽ അത്തരം കാര്യങ്ങൾ കൊണ്ടുവരേണ്ട കാര്യമില്ലെന്ന ബോധ്യം വിനീതിനുണ്ട്. വ്യക്തിപരമായി എനിക്കും തുടക്കം മുതൽ അതേ നിലപാടാണ്''-നിവിൻ പോളി പറഞ്ഞു.

കരിയറിന്റെ തുടക്കകാലത്തുണ്ടായ ഒരു അനുഭവവും താരം വെളിപ്പെടുത്തി. ഒരു സിനിമയിലെ പാട്ട് രംഗത്തിൽ പല രീതിയിലുള്ള അശ്ലീലച്ചുവയുള്ള ഭാവങ്ങളിൽ അഭിനയിക്കാൻ സംവിധായകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തനിക്കതിന് കഴിയില്ലെന്നും ആവശ്യമെങ്കിൽ തന്നെ ആ സിനിമയിൽനിന്ന് ഒഴിവാക്കാമെന്നും താൻ തുറന്നുപറഞ്ഞു. പുതുമുഖമായിരുന്ന കാലത്ത് എല്ലാ ഭാഗത്തുനിന്നും വലിയ സമ്മർദമാണ് ഇതിനെ തുടർന്നുണ്ടായത്. കൂടെയുണ്ടായിരുന്ന സഹനടന്മാർ പോലും ഇത് വലിയ പ്രശ്നമാകുമെന്ന് ഓർമിപ്പിച്ച് ഭയപ്പെടുത്തി. എന്നാൽ, പണമോ മറ്റ് ആനുകൂല്യങ്ങളോ അല്ല, മറിച്ച് വൾഗർ ആയ സീനുകളിൽ അഭിനയിക്കില്ലെന്ന വ്യക്തിപരമായ തീരുമാനത്തിൽ ഉറച്ചുനിൽക്കുക മാത്രമാണ് ചെയ്തത്. മണിക്കൂറുകളോളം ചിത്രീകരണം നിർത്തിവയ്‌ക്കേണ്ടി വന്നെങ്കിലും ഒടുവിൽ ആ രംഗം പൂർണമായും മയപ്പെടുത്തിയാണ് ചിത്രീകരിച്ചതെന്നും നിവിൻ വെളിപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍