Responsive Ad

ഡൽഹി പ്രക്ഷോഭത്തിനിടെ അട്ടിമറിക്ക് ജയ്ഷെ ഭീകരർ ശ്രമിച്ചെന്ന് പൊലീസ്

ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിൽ പൊലീസ് വേഷത്തിൽ നുഴഞ്ഞുകയറി അട്ടിമറി സൃഷ്ടിക്കാൻ ജയ്ഷെ ഭീകരർ പദ്ധതിയിട്ടിരുന്നുവെന്ന നിർണായക വെളിപ്പെടുത്തലുമായി പശ്ചിമ ബംഗാൾ പൊലീസ്. പിടിയിലായ ജയ്ഷെ ഭീകരൻ ഹമീം മണ്ഡലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചതെന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറിയിച്ചു.

പൂർബ ബർധമാൻ ജില്ലയിൽ നിന്ന് രണ്ട് ദിവസം മുമ്പ് അറസ്റ്റിലായ ഹമീമിന്, പൊലീസ് യൂണിഫോമിൽ ജന്തർമന്തറിലെ പ്രതിഷേധക്കാർക്കിടയിൽ കയറിക്കൂടി സംഘർഷാവസ്ഥ സൃഷ്ടിക്കാൻ നിർദേശം ലഭിച്ചിരുന്നുവെന്ന് എസ്ടിഎഫ് ഇൻസ്പെക്ടർ ജനറൽ ഗൗരവ് ശർമ വ്യക്തമാക്കി.

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെയും ഭീകരർ ലക്ഷ്യമിട്ടിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളുടെ വിവരങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷിച്ച് കൈമാറാൻ ഹമീമിനെ ചുമതലപ്പെടുത്തിയിരുന്നുവെന്നും എസ്ടിഎഫ് പറയുന്നു.
ഹമീമിന്റെ കാമുകിയായ അർപിത സർക്കാർ ജാർഖണ്ഡിൽ നിന്ന് അറസ്റ്റിലായതോടെയാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടായത്. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹമീമിനെ പിടികൂടിയത്. മന്ത്രി ഉമേഷ് റായിയുടെ മകനെ തട്ടിക്കൊണ്ടുപോയി ഹണിട്രാപ്പിൽപ്പെടുത്താനുള്ള ഗൂഢാലോചനയ്ക്കിടെയായിരുന്നു അർപിതയുടെ അറസ്റ്റ്.

ഇരുവരും ഷെഹ്സാദി ഭട്ടി ഗ്യാങുമായി ചേർന്ന് പാകിസ്ഥാനുവേണ്ടി പ്രവർത്തിച്ചിരുന്നതായും അന്വേഷണസംഘം സംശയിക്കുന്നു. ഇവരിൽ നിന്ന് യുകെ, മെക്സിക്കോ സിം കാർഡുകൾ പിടിച്ചെടുത്തതായും സ്ലീപ്പർ സെല്ലുകളുമായി ബന്ധമുണ്ടെന്ന സൂചനകളുണ്ടെന്നും പൊലീസ് അറിയിച്ചു. ഹമീമിനെ കോടതി രണ്ടാഴ്ചത്തേക്ക് എസ്ടിഎഫ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍