Responsive Ad

ജയിലില്‍ തുടരും; അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി

കൽപറ്റ : വീട്ടിൽ നിന്ന് വൻതോതിൽ വിദേശമദ്യവും ഇന്ത്യൻ നിർമ്മിത മദ്യവും പിടികൂടിയ കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് ജാമ്യമില്ല. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ റിമാൻഡിൽ തുടരും. സ്വാധീനശേഷിയുള്ള വ്യക്തിയാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ ശക്തമായ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മദ്യം പിടിച്ചെടുത്ത വീട് തന്റെ പേരിലല്ലെന്നും വീട് മറ്റൊരാളുടേതാണെന്നുമുള്ള പ്രതിഭാഗത്തിന്റെ പ്രധാന വാദമുഖങ്ങൾ കോടതി തള്ളി. കേസിൽ തെളിവെടുപ്പിനും കൂടുതൽ അന്വേഷണത്തിനുമായി ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കും.

കൊച്ചിയിലെ റിപ്പോർട്ടർ ടിവി ആസ്ഥാനത്തെത്തി വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘമാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആന്റോയുടെ വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ നിന്ന് 138 കുപ്പി മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. വൻതോതിൽ ശേഖരിച്ച് വെച്ച മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്നാണ് എഫ്ഐആറിലെ പ്രാഥമിക നിഗമനം. അറസ്റ്റിന് മുന്നോടിയായി എക്‌സൈസ് ഉദ്യോഗസ്ഥർ ആന്റോയെ അഞ്ചു മണിക്കൂറോളം വിശദമായി ചോദ്യം ചെയ്തിരുന്നു.

മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്ന് മർദ്ദനമേറ്റിട്ടുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു ആന്റോയുടെ മറുപടി.വലിയ തോതിൽ മദ്യം കണ്ടെടുത്തതിനാൽ കേസിൽ തുടരന്വേഷണം അത്യാവശ്യമാണെന്നും അതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍