ബാബു ബീഡിയിൽ നടൻ സിദ്ദിഖ്
മലയാളത്തിന്റെ പ്രിയ നടൻ സിദ്ദീഖിന്റെ ചിത്രം പശ്ചിമ ബംഗാളിലെ ബീഡി പാക്കറ്റിൽ പ്രത്യക്ഷപ്പെട്ടത് സമൂഹമാധ്യമങ്ങളിൽ കൗതുകമായി. മുർഷിദാബാദ് ജില്ലയിലെ ചചന്ദയിലുള്ള നസീബ് ബീഡി ഫാക്ടറി പുറത്തിറക്കുന്ന ‘ബാബു ബംഗാളി ബീഡി’യുടെ പാക്കറ്റിലാണ് സിദ്ദീഖിന്റെ ചിത്രം അച്ചടിച്ചിരിക്കുന്നത്.
നീലയും വെള്ളയും നിറത്തിലുള്ള പാക്കറ്റിലാണ് താരത്തിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ നടന്റെ ചിത്രമാണ് കവറിൽ ഇടംപിടിച്ചതെന്ന് നിർമാതാക്കൾക്ക് അറിയാമായിരുന്നോ എന്നതും വ്യക്തമല്ല. പ്രാദേശിക ഉപഭോക്താക്കൾ കവറിലെ ചിത്രം കമ്പനി ഉടമയുടെയോ ‘ബാബു’ എന്ന സങ്കൽപ്പ കഥാപാത്രത്തിന്റെയോ ആണെന്നാണ് കരുതുന്നതെന്നാണ് റിപ്പോർട്ട്.
എന്നാൽ ബംഗാളിലെത്തുന്ന മലയാളികൾക്ക് ഒറ്റനോട്ടത്തിൽ തന്നെ ചിത്രത്തിലുള്ളത് നടൻ സിദ്ദീഖാണെന്ന് തിരിച്ചറിയാനാകും. ഗൂഗിളിൽനിന്ന് ലഭിച്ച ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചതാകാമെന്ന തരത്തിലുള്ള പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
തന്റെ ചിത്രം ബംഗാളിലെ ഒരു ബീഡി പാക്കറ്റിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ സിദ്ദീഖിന്റെ പ്രതികരണം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. മുൻപും ഉത്തരേന്ത്യയിലെ പ്രാദേശിക ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിൽ പ്രമുഖ താരങ്ങളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതായി സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ഉണ്ടായിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍