Responsive Ad

കെഎസ്ആർടിസി: ദീർഘദൂര സർവീസുകൾ തടസ്സപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നതായി ആക്ഷേപം


തിരുവനന്തപുരം : നെടുമങ്ങാട് നിന്നും കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യം ശക്തമായി.  

യാത്രയ്ക്കായ് കെഎസ്ആർടിസി ബസുകൾ മാത്രം ആശ്രയമായുള്ള നെടുമങ്ങാടും പരിസര ഡിപ്പോകളിൽ നിന്നും കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യം. ഈ ആവശ്യം ദീർഘനാളുകളായി ഉള്ളതാണ്. രാവിലെയുള്ള യാത്രകൾക്ക് വേണ്ടി അത്യാവശ്യം സർവീസുകൾ ലഭ്യമാണെങ്കിലും 10.00 മണിയ്ക്ക് ശേഷം ദീർഘദൂര സർവീസുകൾ വളരെ വിരളമാണ്. ചില ദീർഘദൂര സർവീസുകൾ ചിലരുടെ താല്പര്യപ്രകാരം റൂട്ട് മാറ്റി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുമുണ്ട്. 

ഉച്ചയ്ക്ക് 03.15 നുള്ള നെടുമങ്ങാട്-പാലക്കാട് SF കൊല്ലം-ആലപ്പുഴ-വൈറ്റില വഴി നല്ല കലക്ഷനോട് കൂടി സർവീസ് നടത്തി വരുകയായിരുന്നു. ആ സർവീസിനെ ആവശ്യമില്ലാതെ തിരുവനന്തപുരം-കോട്ടയം വഴി റൂട്ട് മാറ്റി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. തിരുവനന്തപുരം വഴി ആക്കിയ പ്രസ്തുത സർവീസ് യാത്രക്കാർ ഉണ്ടെങ്കിലും പല പല കാരണങ്ങൾ പറഞ്ഞ് ഇടയ്ക്കിടെ മുടക്കുന്നുമുണ്ട്. ആയതിനാൽ പാലക്കാട് സർവീസ് ആദ്യം സർവീസ് നടത്തിയിരുന്ന പോലെ തന്നെ സർവീസ് നടത്തണം എന്നാണ് യാത്രക്കാരുടെ ആവശ്യം.

രാത്രി 09.00 മണിയ്ക്കുള്ള ഗുരുവായൂർ ബസിനും ഇത് തന്നെയാണ് അവസ്ഥ. രാത്രിയുള്ള ദീർഘദൂര യാത്രക്കാർക്ക് ഏറെ ഉപയോഗപ്രദമായ സർവീസ് ആണ് നെടുമങ്ങാട്-ഗുരുവായൂർ SF. ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് എല്ലാ ദിവസവും സർവീസ് അയക്കാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. യാത്രക്കാർ പലതവണ പരാതിപ്പെട്ടിട്ടും ഇത് വരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. ആയതിനാൽ എത്രയും വേഗം പ്രസ്തുത സർവീസ് എല്ലാ ദിവസവും സർവീസ് നടത്തുന്ന രീതിയിൽ ക്രമീകരിക്കണം എന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.

മലയോര യാത്രക്കാർ ഇരുകയ്യും നീട്ടി സ്വീകരിച്ച നെടുമങ്ങാട്-പറശ്ശിനിക്കടവ് AC സർവീസ് കൃത്യമായി ഓൺലൈനിൽ ഇടാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. ഓൺലൈനിൽ ഇട്ട സമയത്ത് 60000 നും 80000 നും ഇടയിൽ  കളക്ഷൻ വന്നിരുന്ന സർവീസ് ആയിരുന്നു. സർവീസ് തുടങ്ങിയ ആദ്യ മാസങ്ങളിൽ കൃത്യമായി ഓൺലൈൻ ബുക്കിംഗ് ഒക്കെ ലഭ്യമാക്കി നടത്തിയിരുന്നതാണ്. എന്നാൽ ചിലരുടെ പ്രത്യേക താല്പര്യ പ്രകാരം മാത്രം ഓൺലൈനിൽ ഇടാതെ സർവീസ് നശിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തി വരുന്നതായി അറിയുന്നു. AC സർവീസ് ആയതിനാൽ തന്നെ ഓൺലൈൻ ബുക്കിംഗ് ഇട്ട് സർവീസ് നടത്തേണ്ടത് ഏറ്റവും ആവശ്യമായ കാര്യമാണ്. ഇതിപ്പോൾ വൈകുന്നേരം 06.45 ന് പുറപ്പെടേണ്ട സർവീസ് ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യുന്നത് ഉച്ചയ്ക്ക് 12.00 മണിയ്ക്ക് ശേഷമാകും. ചില ദിവസങ്ങൾ അതും ചെയ്യാറില്ല. എന്നാൽ സർവീസ് അയക്കുകയും ചെയ്യും. സർവീസിന് വേണ്ടി അനുവദിച്ചത് പഴയ ബസ് ആണ് എങ്കിലും കൃത്യമായി അറ്റകുറ്റ പണികൾ നടത്തി ഓടിക്കാവുന്നതേ ഉള്ളൂ... എന്നിരുന്നാലും  അടിയന്തിര ഘട്ടങ്ങളിൽ AC ബസ് പണി ആയാൽ പകരം ഓടിക്കാനായി AC സ്പെയർ ബസോ അതുമല്ലെങ്കിൽ സ്പെയർ ആയി ഡീലക്സ് ബസോ അനുവദിക്കണം എന്നാണ് എല്ലാവരുടെയും ആവശ്യം.

വർഷങ്ങൾക്ക് ശേഷം ലഭിച്ച അന്തർസംസ്ഥന സർവീസ് ആയിരുന്നു കന്യാകുമാരി. സർവീസ് കളക്ഷനോടെ ഓടിക്കാൻ കഴിയും എന്നിരിക്കെ നല്ലൊരു സർവീസിനെ ആവശ്യമില്ലാതെ റൂട്ട് മാറ്റി ഓടിക്കുകയും മനപ്പൂർവം കളക്ഷൻ ഇല്ലാതാക്കുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നിലും ചിലരുടെ മാത്രം വ്യക്തിതാല്പര്യങ്ങൾ ഉള്ളതായി അറിയുന്നു. അനുയോജ്യമായ റൂട്ടും സമയവും പലതവണ യാത്രക്കാരുടെ നേതൃത്വത്തിൽ അപേക്ഷയായി കൊടുത്തിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആയതിനാൽ എത്രയും വേഗം യാത്രക്കാർ ആവശ്യപ്പെട്ട അതെ റൂട്ടിൽ തന്നെ സർവീസ് പുനരാംഭിക്കണം എന്ന് അറിയിക്കുന്നു.

വിടരും മുൻപേ കൊഴിഞ്ഞ മാനന്തവാടി:
ഉച്ചയ്ക്കുള്ള യാത്രക്കാരുടെ സൗകര്യാർത്ഥം ആറ് മാസങ്ങൾക്ക് മുൻപ് ഉദ്‌ഘാടനം ചെയ്ത സർവീസ് ആയിരുന്നു മാനന്തവാടി. അതിന് വേണ്ടി രണ്ട് ബസുകൾ (KS519, KS520) അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രസ്തുത സർവീസ് ഒരു ദിവസം പോലും ഓടിയിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ഓരോരോ കാര്യങ്ങൾ പറഞ്ഞ് രണ്ട് ബസുകളെയും ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയും ചെയ്തു. അതിന് പിന്നിലും ആരുടെയൊക്കെയോ കരങ്ങൾ ഒളിഞ്ഞിരിക്കുന്നതായി അറിയുന്നു. 

ഗ്രാമീണ പാതകളെ ബന്ധിപ്പിച്ച് പത്തനംതിട്ട സർവീസിനായി കൊണ്ട് വന്ന ലിങ്ക് ബസും (AT499) ഒരു ദിവസം പോലും സർവീസ് നടത്താതെ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. നിരവധി യാത്രക്കാർക്ക് ഉപകാരപ്പെടേണ്ടിയിരുന്ന ഒരു സർവീസ് ആയിരുന്നു.

ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് സ്പെയർ ബസ് അനുവദിക്കുക. നിലവിൽ സ്പെയർ ആയി ഉണ്ടായിരുന്ന AT361 ബസ് ട്രാൻസ്ഫർ ആയതിനാൽ പകരമായി ബസ് അനുവദിക്കണം എന്നാണ് ആവശ്യം.

യാത്രയ്ക്കായ് KSRTC ബസുകളെ മാത്രം ആശ്രയിക്കുന്ന മലയോരമേഖലയിൽ നിന്നും കഴിഞ്ഞ 3 വർഷത്തിനിടെ 15 ഓളം ബസുകളാണ് ട്രാൻസ്ഫർ ആയി പോയത്. ഇത് യാത്ര ക്ലേശത്തിന് കൂടുതൽ ആക്കം കൂട്ടുകയാണ് ചെയ്യുന്നത്.

ബഡ്ജറ്റ് ടൂറിസം ആവശ്യങ്ങൾക്കായി സ്ഥിരം ബസ് അനുവദിക്കണം എന്ന് ആവശ്യം. വിജയകരമായി നടത്തപ്പെടുന്ന ബഡ്ജറ്റ് ടൂറിസം ആവശ്യങ്ങൾക്കായി സ്ഥിരം ബസ് വേണമെന്ന യാത്രക്കാരുടെ ആവശ്യം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. ദീർഘദൂര/അന്തർസംസ്ഥാന യാത്രകളും മറ്റും വരുമ്പോൾ കാലപ്പഴക്കം കൂടിയ മോശപ്പെട്ട ബസുകളാണ് പലപ്പോഴും അനുവദിക്കുക. ആയതിനാൽ റീഫർബിഷ് ചെയ്ത നല്ല കണ്ടീഷനുള്ള ബസ് തന്നെ സർവീസിനായി സ്ഥിരമായി അനുവദിക്കണം എന്നതാണ് ആവശ്യം.

പ്രിയദർശിനി സർവീസുകൾ ലഭ്യമല്ലാത്ത റൂട്ടുകളിൽ പ്രസ്തുത സർവീസുകൾ വേണമെന്ന് ആവശ്യം. നെടുമങ്ങാട് നിന്നും മഞ്ച-അരുവിക്കര വഴി ഏറ്റവും തിരക്കുള്ള രാവിലെയും വൈകുന്നേരവും ഓർഡിനറി സർവീസുകൾ അനുവദിക്കണം എന്നാണ് ആവശ്യം. 

ഓർഡിനറി ബസുകളും പുതുതായി അനുവദിക്കണം. ഏറ്റവും ഒടുവിൽ RNC872 ഓർഡിനറി ബസ് കൂടി ട്രാൻസ്ഫർ ആയി പോയതോടെ  ഓർഡിനറി സർവീസുകൾ നടത്താനും ബസുകളുടെ എണ്ണം കുറവ് വന്ന് തുടങ്ങി. 

രാവിലെ 07.00 മണി മുതൽ ഒന്നോ രണ്ടോ മണിക്കൂർ ഇടവിട്ട് നെടുമങ്ങാട് നിന്ന് നേരിട്ട് കൊല്ലം, കോട്ടയം ഭാഗത്തേയ്ക്കും തിരികെയും ഫാസ്റ്റ് പാസഞ്ചർ ബസുകൾ അനുവദിക്കണം എന്ന ആവശ്യവുമുണ്ട്. ഇത് ദീർഘദൂര യാത്രക്കാർക്ക് ഒരു പരിധി വരെ ആശ്വാസമാകുന്ന കാര്യമാകും.

രാത്രി 10.00 മണി മുതൽ പുലർച്ചെ 04.00 മണി വരെ ഒന്നര/രണ്ട് മണിക്കൂർ ഇടവേളയിൽ നെടുമങ്ങാട്-തിരുവനന്തപുരം റൂട്ടിൽ നിശാ സർവീസുകൾ ആരംഭിക്കണം എന്നും ആവശ്യമുണ്ട്. ഇത് രാത്രി യാത്ര ചെയ്യുന്നവർക്ക് ഉപകാരപ്രദമായിരിക്കും.

അധികൃതരുടെ ഭാഗത്ത് നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍