Responsive Ad

ലോക കേരളസഭ തുടരില്ല



തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയതു പോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല. ലോക കേരളസഭയുടെ ആറാമത് എഡിഷന് സര്‍ക്കാര്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടുമില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ലോക കേരളസഭ സെക്രട്ടേറിയറ്റിന് നിലവില്‍ ഓഫീസുണ്ട്. അവിടുത്തെ അഡ്മിനിസ്‌ട്രേറ്റീവ്
ചെലവുകള്‍ക്കും നോര്‍ക്ക വഴി നടത്തുന്ന ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കും മാത്രമാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രവാസി ക്ഷേമ പദ്ധതികള്‍ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. അത്തരം നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും കൂടിയാണ് തുക അനുവദിച്ചിരിക്കുന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കി. ലോക കേരള സഭയ്ക്ക് 2 കോടി രൂപ വകയിരുത്തി എന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണ കുറിപ്പ് ഇറക്കിയത്.

നേരത്തേ പ്രതിപക്ഷത്ത് ആയിരിക്കുമ്പോള്‍ യുഡിഎഫ് ലോക കേരള സഭയെ എതിര്‍ത്തിരുന്നു. ധൂര്‍ത്ത് ആരോപിച്ച് ലോകകേരളസഭ ബഹിഷ്‌കരിക്കുകയും ചെയ്തു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി പാവപ്പെട്ട പ്രവാസികളെ വഞ്ചിക്കുകയും അതിലൂടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കുകയും ചെയ്യുന്ന നാടകമാണ് ലോക കേരളസഭ ലക്ഷ്യം വെയ്ക്കുന്നതെന്നായിരുന്നു ആരോപണം. പ്രവാസി വിഷയങ്ങള്‍ പരിഹരിക്കാന്‍, ലക്ഷങ്ങള്‍ ചിലവഴിച്ചു നടത്തുന്ന മാമാങ്കം കൊണ്ട് സാധിച്ചിട്ടില്ലെന്നും അത് കൊണ്ട് ലോക കേരള സഭ സര്‍ക്കാരിന്റെ ധൂര്‍ത്തായി മാത്രമേ കാണാന്‍ പറ്റുകയുള്ളുവെന്നും നേതാക്കള്‍ ആരോപിച്ചിരുന്നു.

പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും കേരളത്തിന്റെ വികസനവും ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച ജനകീയ വേദിയായിരുന്നു ലോക കേരള സഭ. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് നടന്നത്. 125 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നിന്നുമായി അഞ്ഞൂറിലധികം പ്രതിനിധികളായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍