ഇറാനുമായി ചർച്ചക്ക് തയ്യാറെന്ന് ട്രംപ്
ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എൻ പൊതുസഭാ സമ്മേളനത്തിനായി പെസെഷ്കിയാൻ ന്യൂയോർക്കിലെത്താനിരിക്കെയാണ് ട്രംപിന്റെ നിർണായക നീക്കം. അതേസമയം, ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചുകൊണ്ടുതന്നെ ഇറാനെതിരെ കടുത്ത ഭീഷണിയും ട്രംപ് തുടരുകയാണ്.
കരാറിലെത്തിയില്ലെങ്കിൽ ഇറാൻ സാമ്പത്തികമായി തകർന്നുപോകുകയോ രാജ്യത്തിന്റെ നേതൃത്വം തുടച്ചുനീക്കപ്പെടുകയോ ചെയ്യുമെന്ന മുന്നറിയിപ്പാണ് ട്രംപ് നൽകിയത്. പുതിയ ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. യു.എസ് വീണ്ടും ആക്രമണത്തിന് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടുണ്ടെന്നും ആക്രമണമുണ്ടായാൽ യു.എസ് താൽപര്യങ്ങൾക്കും സഖ്യകക്ഷികൾക്കുമെതിരെ തിരിച്ചടി ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ, യു.എൻ പൊതുസഭാ സമ്മേളനം ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള നയതന്ത്ര ചർച്ചയ്ക്ക് അവസരം ഒരുക്കുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നുണ്ട്.
യു.എൻ പൊതുസഭയ്ക്കിടെ ട്രംപും പെസെഷ്കിയാനും തമ്മിൽ കൂടിക്കാഴ്ച നടക്കുമോയെന്നും അത് മാസങ്ങളായി തുടരുന്ന സംഘർഷത്തിന് നയതന്ത്ര പരിഹാരത്തിന് വഴിയൊരുക്കുമോയെന്നുമാണ് ഇപ്പോൾ അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍