Responsive Ad

പീഡന ശ്രമം: റോബോട്ട് പോലീസ് കസ്റ്റഡിയിൽ

ജർമനിയിൽ 16കാരിക്കെതിരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ പകർത്തി ലൈവായി പ്രചരിപ്പിച്ചെന്ന സംശയത്തിൽ രണ്ട് കൗമാരക്കാർക്കെതിരെ അന്വേഷണം

ജർമനിയിലെ കൊളോണിൽ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് സമീപം ഹ്യൂമനോയ്ഡ് റോബോട്ട് കൗമാരക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലൂടെ തത്സമയം സംപ്രേഷണം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

ശനിയാഴ്ച അർധരാത്രിക്ക് തൊട്ടുമുമ്പ് പടിഞ്ഞാറൻ ജർമൻ നഗരമായ കൊളോണിൽ സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്ന 16കാരിയുടെ അടുത്തേക്ക് ഏകദേശം നാലടി ഉയരമുള്ള റോബോട്ട് എത്തിയതായാണ് പൊലീസ് നൽകുന്ന വിവരം.
ചുവപ്പും സ്വർണനിറവും കലർന്ന റോബോട്ട് പെൺകുട്ടിയെ പിടിച്ചുവലിക്കുകയും ശരീരത്തിൽ മോശമായി സ്പർശിക്കുന്ന തരത്തിലുള്ള ചലനങ്ങൾ നടത്തുകയും ചെയ്തെന്നാണ് ആരോപണം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ റോബോട്ട് പെൺകുട്ടിയുടെ അടുത്തേക്ക് നീങ്ങുന്നതും പെൺകുട്ടി നിലവിളിച്ച് പിന്നിലേക്ക് മാറുന്നതും കാണുന്നതായി റിപ്പോർട്ടുകളുണ്ട്.
റോബോട്ടിന്റെ ഉടമയായ 16കാരനും 19കാരനായ സുഹൃത്തും ചേർന്ന് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും തത്സമയം സംപ്രേഷണം ചെയ്യുകയും സംഭവത്തിനിടെ കമന്റുകൾ നടത്തുകയും ചെയ്തെന്നാണ് പൊലീസിന്റെ സംശയം. മാർവൽ സൂപ്പർഹീറോ അയൺ മാന്റെ രൂപകൽപ്പനയോട് സാമ്യമുള്ള നിറങ്ങളിലാണ് റോബോട്ട് നിർമിച്ചിരിക്കുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

സംഭവത്തെക്കുറിച്ച് പെൺകുട്ടി പൊലീസിൽ പരാതി നൽകി. തുടർന്ന് ഫോക്‌സ്‌വാഗൺ കാറിന്റെ ഡിക്കിയിൽ നിന്ന് റോബോട്ടിനെ പൊലീസ് കണ്ടെത്തി. റോബോട്ടും സംശയിക്കപ്പെടുന്ന യുവാക്കളുടേതായ രണ്ട് മൊബൈൽ ഫോണുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ആരോപിക്കപ്പെടുന്ന അതിക്രമത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. സംഭവം നടക്കുമ്പോൾ റോബോട്ടിനെ നിയന്ത്രിച്ചിരുന്നത് ആരാണെന്ന് കണ്ടെത്താനും അധികൃതർ ശ്രമിക്കുന്നുണ്ട്. രണ്ട് പേരും അന്വേഷണത്തിന്റെ പരിധിയിലാണെന്ന് പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍