തരംഗമാകാൻ ഈച്ച പാർട്ടിയും രംഗത്ത്
സുപ്രീംകോടതിയിലെ പരാമർശങ്ങൾക്കു പിന്നാലെ സോഷ്യൽ മീഡിയയിൽ പിറവിയെടുത്ത രാഷ്ട്രീയക്കൂട്ടായ്മകൾ വീണ്ടും ചർച്ചയാകുന്നു. ‘കോക്ക്റോച്ച് ജനതാ പാർട്ടി’ക്ക് പിന്നാലെ ‘മഖി ജനതാ പാർട്ടി’ (എംജെപി) കൂടി രംഗത്തെത്തിയതോടെ പുതിയ കൂട്ടായ്മയും വൈറലാവുകയാണ്. ഇൻസ്റ്റഗ്രാമിൽ പേജ് ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് ലക്ഷം ഫോളോവേഴ്സിനെ നേടിയെന്നാണ് റിപ്പോർട്ട്.
അഞ്ചുമാസം മുൻപ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യുവാക്കളെ ‘പാറ്റകളോട്’ ഉപമിച്ചുകൊണ്ട് നടത്തിയ പരാമർശമാണ് കോക്ക്റോച്ച് ജനതാ പാർട്ടിയുടെ പിറവിക്ക് വഴിയൊരുക്കിയത്. തൊഴിലില്ലാത്ത യുവാക്കൾ മാധ്യമപ്രവർത്തകരും സാമൂഹിക മാധ്യമ പ്രവർത്തകരും വിവരാവകാശ പ്രവർത്തകരുമായി മാറി ഭരണസംവിധാനത്തെ ആക്രമിക്കുകയാണെന്നായിരുന്നു പരാമർശം. യുവാക്കൾക്കിടയിൽ പ്രതിഷേധമുയർത്തിയ ഈ പരാമർശം പിന്നീട് ഒരു പാർട്ടി രൂപീകരണത്തിലേക്കും വഴിമാറി.
ഇതിനുപിന്നാലെയാണ് ജന്തർ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട സുരക്ഷാ നിയന്ത്രണങ്ങളെക്കുറിച്ചുള്ള വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ‘ഈച്ചയെ കൊല്ലാൻ ചുറ്റിക വേണ്ട’ എന്ന പരാമർശം ചർച്ചയായത്. ഇതിന് പിന്നാലെയാണ് ‘മഖി ജനതാ പാർട്ടി’യുടെ വരവ്. ‘ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് തന്നെ പറഞ്ഞ സ്ഥിതിക്ക്, ഈച്ചകളും പറയും ഞങ്ങളും ആരെക്കാളും ചെറുതല്ല’ എന്ന കുറിപ്പോടെയാണ് എംജെപി രംഗത്തെത്തിയത്.
ആര്യൻ എന്ന വിദ്യാർഥിയാണ് പാർട്ടിയുടെ സ്ഥാപകനെന്നാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വ്യക്തമാക്കുന്നത്. 2021 ജൂണിൽ ആരംഭിച്ച പേജിന്റെ പേര് മാറ്റിയാണ് ഇപ്പോൾ മഖി ജനതാ പാർട്ടിയാക്കിയിരിക്കുന്നത്. നിലവിലെ പേരിലേക്ക് മാറുന്നതിനു മുൻപ് എട്ട് തവണ യൂസർനെയിം മാറ്റിയതായും അക്കൗണ്ട് വിവരങ്ങൾ സൂചിപ്പിക്കുന്നു.
പൊതുപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാനും നിലവിലെ സാഹചര്യങ്ങളെ ചോദ്യം ചെയ്യാനും ആക്ഷേപഹാസ്യവും നിരീക്ഷണങ്ങളും ഉപയോഗപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എംജെപി വ്യക്തമാക്കുന്നു. പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ പങ്കുവെക്കാനും സംവാദങ്ങളിൽ ഏർപ്പെടാനും പൊതുതാൽപ്പര്യ വിഷയങ്ങളിൽ നിർദേശങ്ങൾ മുന്നോട്ടുവെക്കാനും വേദിയൊരുക്കുമെന്നും പാർട്ടി പറയുന്നു. കക്ഷിരാഷ്ട്രീയത്തിനപ്പുറം പൊതുജനാവബോധം, സംവാദം, പരിഹാരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്വതന്ത്ര കൂട്ടായ്മയായാണ് തങ്ങളെ വിശേഷിപ്പിക്കുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കുന്ന കോക്ക്റോച്ച് ജനതാ പാർട്ടിക്കും ഐസയുടെ നേഹ ബോറയ്ക്കും എംജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ ചർച്ചകൾ നടത്തുന്നതിനും സംയുക്ത നീക്കങ്ങൾ ആലോചിക്കുന്നതിനുമായി കോക്ക്റോച്ച് ജനതാ പാർട്ടിയുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതായും കൂട്ടായ്മ അറിയിച്ചു.
ജന്തർ മന്തറിൽ പ്രതിഷേധം നടത്തിയതിന് പിന്നാലെ സി.ജെ.പി നേതാക്കളായ അശുതോഷ് റങ്കയെയും സൗരവ് ദാസിനെയും കസ്റ്റഡിയിലെടുത്ത നടപടിയെയും എംജെപി ചോദ്യം ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയിലെ പരാമർശങ്ങളിൽനിന്ന് പിറന്ന രണ്ട് കൂട്ടായ്മകളും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുമ്പോൾ, അവയുടെ രാഷ്ട്രീയ ഇടപെടലുകളും ചർച്ചയാകുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്