"പോറ്റിയെ കേറ്റിയെ" സ്വർണക്കൊള്ളയുടെ ഗൗരവം വ്യക്തമാക്കുന്ന പാട്ട്

"പോറ്റിയെ കേറ്റിയെ" എന്ന ഗാനം  മതവികാരം വൃണപ്പെടുത്തുന്നുണ്ടോ ? കേസെടുക്കാൻ കഴിയുമോ ? സുപ്രീം കോടതി അഭിഭാഷകൻ എം.ആർ.അഭിലാഷ് എഴുതുന്നു.

കേരളത്തെ നടുക്കിയ ശബരിമല സ്വർണക്കൊള്ളയിലെ രാഷ്ട്രീയവും ക്രിമിനൽ കുറ്റവും വിളിച്ചോതുന്ന, ഭക്തിക്ക് ഒരു കുറവും വരുത്താത്ത, ഈ ഗാനം ആരുടെയെങ്കിലും മതവികാരം വൃണപ്പെടുത്തുന്നുവെങ്കിൽ അത്  ഈ ഗാനത്തിലൂടെ സ്വർണക്കൊള്ളയുടെ ഗൗരവം മലയാളിയുടെ മനസിലേക്ക് അരിച്ചിറങ്ങും എന്ന് ഭയപ്പെടുന്ന വ്യക്തികളുടെ ഭയമെന്ന മതവികാരത്തെ മാത്രമാണ്.

അയ്യപ്പസ്വാമിയുടെ നാമം ഭക്തിഗാനങ്ങളിൽ കേൾക്കുന്നതുപോലെ തന്നെയാണ് ഈ ഗാനത്തിൽ ഭക്തിനിർഭരമായി ഉച്ചരിക്കുന്നത്. ശബരിമലയിൽ ആര് സ്വർണക്കൊള്ള നടത്തിയെന്നും അവർ ആരായിരുന്നു എന്നും വിളിച്ചോതുന്ന ഈ ശ്രുതിമധുരമായ പാട്ട് നിങ്ങൾക്ക് ഭക്തിയുണ്ടെങ്കിൽ ഭക്തിനിർഭരമായി തന്നെ പാടാം. ഭാരതീയ ന്യായ സംഹിതയുടെ 299 ആം വകുപ്പനുസരിച്ചു മതവികാരം വൃണപ്പെടുത്തിയതിനു കേസെടുക്കാൻ ഈ പാട്ട് രചിച്ചതുകൊണ്ടോ സംഗീതം നല്കിയതുകൊണ്ടോ പാടിയത് കൊണ്ടോ കഴിയില്ല. പ്രസ്തുത വകുപ്പ് പ്രകാരം ബോധപൂർവം മതവികാരം വൃണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പറയുകയോ  എഴുതുകയോ ചെയ്ത  വാക്കുകളിലൂടെയോ മറ്റു സംവേദന മാർഗങ്ങളിലൂടെയോ പൗരന്മാരുടെ മതമോ മതവിശ്വാസമോ വൃണപ്പെടുത്തുകയാണെങ്കിൽ മാത്രമേ മേൽക്രോഡീകരിച്ച വകുപ്പ് പ്രകാരമോ മറ്റേതെകിലും സമാനമായ വകുപ്പ് പ്രകാരമോ കേസെടുക്കുവാൻ കഴിയുകയുള്ളു. അയ്യപ്പസ്വാമിയെക്കുറിച്ചോ ശബരിമലയുടെ വിശ്വാസപ്രമാണങ്ങളെക്കുറിച്ചോ ഇകഴ്ത്തിപ്പാടുകയാണെങ്കിൽ മാത്രമേ മേൽപ്പറഞ്ഞ വകുപ്പുകൾ ആകർഷിക്കപ്പെടുകയുള്ളു.

മലകയറുമ്പോൾ പുലിയെക്കണ്ടാലും ആനയെക്കണ്ടാലും കള്ളന്മാരെക്കണ്ടാലും അയ്യപ്പനെ വിളിച്ചു പാടുകയും പറയുകയും ചെയ്യുന്നതാണ് ശബരിമലയുടെ ആരാധനാ സംസ്കാരം . ശബരിമലയിലെ  വിശ്വാസങ്ങളെ തച്ചുതകർക്കാൻ ബോധപൂർവം നിയമിക്കപ്പെട്ട വാസുവും സംഘവും അവിടെ നടന്ന സ്വർണക്കൊള്ളക്ക് നേതൃത്വം നൽകി എന്നത്  കേരളാ  ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം എടുത്ത എഫ് ഐ ആറിൽ പ്രകടമാണ്. ഈ കള്ളന്മാരെക്കുറിച്ചു  അയ്യപ്പസ്വാമിയോട്  വിളിച്ചു  പറയുന്നത്  ഇന്ത്യൻ ഭരണഘടനയുടെ 19 (1 ) (a ) പ്രകാരം ഉള്ള അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യം മാത്രമല്ല 25 ആം വകുപ്പ് പ്രകാരമുള്ള ആരാധനാ സ്വാതന്ത്ര്യം കൂടിയാണ്. 

അയ്യപ്പഭക്തനായ കേരളത്തിന്റെ ഡിജിപിക്ക് അത് മനസിലാക്കാനുള്ള നിയമബോധം ഉണ്ട് എന്നതും ഒരു വലിയവിശ്വാസമാണ്.

പരാക്രമം പാട്ടിനോടല്ല വേണ്ടൂ ! 

അപ്പോൾ പാടുകയല്ലേ, "പോറ്റിയെ കേറ്റിയെ സ്വർണം ചെമ്പായി മാറ്റിയേ ..."

Post a Comment

0 Comments