ലിവിങ്ടുഗദർ പങ്കാളിയായ യുവതിയുടെ മരണത്തിൽ ദുരൂഹത
കോഴിക്കോട് : ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവാവിന് ഒപ്പം ലിവിങ് ടുഗതർ പങ്കാളിയായ യുവതിയുടെ മരണത്തിൽ ദുരൂഹതയേറുന്നു.
കൂട്ടുകാരന്റെ കൂടെ പുതിയ ജീവിതം തേടിയെത്തിയ കാക്കൂർ മുണ്ടപ്പുറമ്മൽ ഹസ്നയെയാണ് (34) ഒടുവിൽ താമസിക്കുന്ന ഫ്ലാറ്റിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
താമരശ്ശേരി കൈതപ്പൊയിൽ അപ്പാർട്ട്മെന്റിലാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 3 മക്കളുടെ മാതാവുമായ ഹസ്‌ന ഈങ്ങാപ്പുഴ വേനക്കാവ് സ്വദേശി ആദിലിന്റെ കൂടെയാണ് ഇവിടെ താമസിച്ചിരുന്നത്. ആദിലും വിവാഹമോചിതനാണ്. 8 മാസം മുൻപാണ് ഹസ്ന ഭർത്താവിന് ഒഴിവാക്കിയ ശേഷം ഇവിടെ താമസം തുടങ്ങിയത്.
ഇന്നലെ രാവിലെ 10മണി ആയിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് പങ്കാളിയായ ആദിൽ ഫ്ലാറ്റ് ഉടമസ്ഥനെ വിളിച്ചു വരുത്തുക ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. വാതിൽ ചവിട്ടി പൊളിച്ച് നോക്കിയപ്പോൾ ഹസ്‌നയെ മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. അപ്പാർട്ട്മെൻറിൽ ഇരുവരും മാത്രമാണ് താമസിച്ചിരുന്നത്. മരണത്തിൽ ദുരൂഹതയുള്ളതായി പ്രദേശവാസികൾ പറയുന്നു. യുവതിയുടെ ബന്ധുക്കളും മരണത്തിൽ ദുരൂഹത സംശയിക്കുന്നു. യുവതിയെ കണ്ടെത്തിയപ്പോൾ കാലുകൾ നിലത്ത് കുത്തിയ നിലയിലായിരുന്നു. കഴുത്തിൻ്റെ പിൻഭാഗത്ത് മുറിവുകൾ ഉണ്ടായിരുന്നതായും മുറിയിൽ രക്തക്കറകൾ കണ്ടതായും ആളുകൾ അറിയിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. ഹസ്നയുടെ മരണത്തിന് ശേഷവും ഒപ്പം ഉണ്ടായിരുന്ന യുവാവിന്റെ പെരുമാറ്റം കൂടുതൽ സംശയം ഉയർത്തുന്നതായി കുടുംബം പറയുന്നു. ഫ്ലാറ്റിലേക്ക് നിരവധി വാഹനങ്ങൾ രാത്രി കാലങ്ങളിൽ എത്തിയിരുന്നതായും പറയപ്പെടുന്നു. സമഗ്ര അന്വേഷണം നടത്തി മരണത്തിൽ വ്യക്തത വരുത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Post a Comment
0 Comments