ജന നായകൻ ജന സാഗരത്തിൽ; വിലാപ യാത്ര മണിക്കൂറുകൾ നീളുന്നു

കൊല്ലം : പതിനായിരങ്ങളുടെ  അന്ത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വി.എസ് അച്യുതാനന്ദന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര രാത്രിയെ മുദ്രാവാക്യങ്ങളാൽ മുഖരിതമാക്കി മുന്നോട്ട്. തിരുവനന്തപുരത്ത് നിന്നു 44 കിലോമീറ്റർ സഞ്ചരിച്ച് കൊല്ലം ജില്ലയിൽ എത്താൻ 11 മണിക്കൂർ വേണ്ടി വന്നു. കൂരിരുട്ടിൽ കനത്ത മഴയെയും അവഗണിച്ച് ഉറക്കമൊഴിച്ചുള്ള കാത്തുനിൽപ് മണിക്കൂറുകൾ നീളുമ്പോഴും അവർ ആവേശത്തോടെ സ്വയം ഊർജം പകർന്ന് വിളിക്കുന്നു,
മറ്റുള്ളവരിലേക്ക് കൂടി ആ ഊർജം പകർന്ന്, കണ്ണേ... കരളേ... വിഎസേ ഇല്ലാ ഇല്ല മരിക്കുന്നില്ല... 

കൊല്ലം ജില്ലയിൽ വിലാപയാത്ര പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, ചിന്നക്കട, കാവനാട്, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളിലൂടെ കടന്നുപോകും. അതിനു ശേഷം വിലാപയാത്ര ആലപ്പുഴയിലേക്ക് പ്രവേശിക്കും. നേരത്തെ നിശ്ചയിച്ചത് അനുസരിച്ച് വിഎസിന്റെ ഭൗതിക ശരീരം ഇന്ന് രാത്രി ഒൻപത് മണിയോടെ ആലപ്പുഴയിലെ വസതിയിൽ എത്തേണ്ടതായിരുന്നു. എന്നാൽ ആളുകൾ ഒഴുകിയെത്തിയതോടെ കണക്കൂട്ടലുകൾ എല്ലാം തെറ്റി, വിലാപയാത്ര എത്രയോ  അധികമായി നീളുകയാണ്.

Post a Comment

0 Comments