പാസ്പോർട്ട് ഓഫിസിൻ്റെ 'സഞ്ചാരം' തുടരുന്നു
കോഴിക്കോട് : മലബാറിലെ സഞ്ചരിക്കുന്ന പാസ്പോർട്ട് ഓഫിസ് ശ്രദ്ധേയമാകുന്നു. ഈ പദ്ധതി നിലവിൽ വന്ന ശേഷം ആയിരത്തിൽ അധികം പേർക്ക് വീട്ടുപടിക്കൽ എത്തി സേവനം നൽകിയിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലൂടെയാണു പാസ്പോർട്ട് സേവ വാൻ സഞ്ചരിക്കുന്നത്. ഗ്രാമീണ മേഖലകളിലാണ് ഇതിനകം കൂടുതൽ സേവനം ലഭ്യമാക്കിയത്. സർക്കാർ സ്‌ഥാപനങ്ങൾ, പോസ്‌റ്റ് ഓഫിസ്, തദ്ദേശ സ്‌ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് സഞ്ചരിക്കുന്ന പാസ്പോർട്ട് ഓഫീസ് പ്രവർത്തിക്കുന്നത്. വാഹനം എത്തുന്ന സ്‌ഥലങ്ങളിൽ പാസ്പോർട്ട് അപേക്ഷകൾ സ്വീകരിക്കും. പൊലീസ് വെരിഫിക്കേഷൻ നടപടിക്രമങ്ങൾ ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷം തപാലിൽ പാസ്പോർട്ട് വീട്ടിൽ എത്തും. ഒരു സ്‌ഥലത്തെ ക്യാംപിൽ മുപ്പത് മുതൽ 45 അപേക്ഷകൾ വരെയാണു സ്വീകരിക്കുന്നത്. പാസ്പോർട്ട് റീജനൽ ഓഫിസിൽ അപേക്ഷ നൽകാൻ എത്തുന്നതിനു പ്രയാസമുള്ളവർക്ക് ഈ പദ്ധതി ഏറെ ഗുണപ്രദമാണ്. പഞ്ചായത്ത് തലങ്ങളിൽ സഞ്ചരിക്കുന്ന പാസ്പോർട്ട് ഓഫിസ് എത്തിക്കാൻ കഴിയും. ഇതിനു തദ്ദേശ സ്‌ഥാപനങ്ങൾ കോഴിക്കോട് റീജനൽ പാസ്പോർട്ട് ഓഫിസർക്ക് അപേക്ഷ നൽകണം, പാസ്പോർട്ടിനു അപേക്ഷ നൽകേണ്ടത് നിലവിലുള്ള രീതിയിൽ ഓൺലൈൻ വഴിയാണ്. ഈ വെബ്സൈറ്റ് വഴിയാണ് വാൻ ഓപ്ഷനും നൽകേണ്ടത്.
Post a Comment
0 Comments