കെഎസ്ആർടിസി ട്രാവൽ കാർഡ് ഹിറ്റ്


തിരുവനന്തപുരം : കെഎസ്‌ആർടിസിയുടെ നൂതന സേവന സംവിധാനം ട്രാവൽ കാർഡ്
യാത്രക്കാർക്കിടയിൽ ഹിറ്റാകുന്നു, ഈ സംവിധാനം തുടങ്ങി ആഴ്‌ചകൾ പിന്നിടുമ്പോൾ ഒന്നര ലക്ഷത്തോളം പേർ ട്രാവൽ കാർഡിനു അപേക്ഷിച്ചിട്ടുണ്ട്. കാർഡിനു ആവശ്യക്കാർ വർധിച്ചതിനാൽ 5 ലക്ഷത്തോളം കാർഡുകൾ ഉടൻ കെഎസ്ആർടിസി എത്തിക്കുമെന്നാണ് അധികൃതർ പറയുന്നത്. മുക്കാൽ ലക്ഷത്തോളം വിദ്യാർഥികളും ട്രാവൽ കാർഡിനു അപേക്ഷ നൽകിയിട്ടുണ്ട്. സ്‌മാർട് കാർഡ് രൂപത്തിൽ വിദ്യാർഥികൾക്ക് വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് കെഎസ്ആർടിസി. കെഎസ്ആർടിസി ഒരു പഴഞ്ചൻ സംവിധാനമല്ലെന്നു തെളിയിക്കുന്നതിനായി കൊണ്ടുവരുന്ന ആധുനിക പരിഷ്‌കാരങ്ങൾക്ക് യാത്രക്കാർ നിറഞ്ഞ പിന്തുണയാണ് നൽകുന്നത്. 
യാത്ര ലൊക്കേഷൻ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന ചലോ ആപ്പ് ഒന്നേകാൽ ലക്ഷം ആളുകൾ ഡൗൺലോഡ് ചെയ്‌തിട്ടുണ്ട്. 100 രൂപ നൽകി വാങ്ങുന്ന കാർഡ് റീചാർഡ് ചെയ്ത‌ത്‌ ഉപയോഗിക്കാൻ കഴിയും. ഒരു വർഷമാണ് ഇതിൻ്റെ കാലാവധി. ഒരാളുടെ കാർഡ് മറ്റുള്ളവർക്കും ഉപയോഗിക്കാം. 50 മുതൽ 3,000 രൂപ വരെ റീചാർജ് ചെയ്യാനാകും. 1000 മുതലുള്ള റീചാർജുകൾക്ക് 40 രൂപ മുതൽ അധിക ആനുകൂല്യം ലഭിക്കും. കാർഡ് തകരാറിലായാൽ വേഗത്തിൽ പരിഹരിച്ചു നൽകാനും കെഎസ്ആർടിസി സൗകര്യം ഏർപ്പെടുത്തും. വിദ്യാർഥികൾക്ക് മാസത്തിൽ 25 ദിവസം കാർഡ് ഉപയോഗിക്കാനാകും. ഓൺലൈനായി വിദ്യാർഥികൾക്ക് കാർഡിനു അപേക്ഷിക്കാം.

Post a Comment

0 Comments