ഉമ്മൻ ചാണ്ടി അനുസ്മരണം: അത്താണിക്കൊപ്പം യൂത്ത് കോൺഗ്രസ്
യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം കെപിസിസി ജന. സെക്രട്ടറി പി.എം.നിയാസ് ഉദ്ഘാടനം ചെയ്യുന്നു.
നരിക്കുനി : ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവരെയും കരുതൽ ആവശ്യമുള്ളവരെയും എന്നും ചേർത്തു പിടിച്ച ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുമ്പോൾ അതിൽ ജീവകാരുണ്യത്തിൻ്റെ അംശം കൂടി ഉണ്ടാകുമ്പോഴാണു ഇത്തരം ചടങ്ങുകൾ പൂർണമാകുന്നതെന്ന് കെപിസിസി ജന. സെക്രട്ടറി പി.എം.നിയാസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സാന്ത്വന പരിചരണ കേന്ദ്രമായ നരിക്കുനി അത്താണിയിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹത്തായ ജനാധിപത്യത്തെ അർത്ഥപൂർണമാക്കിയ ഭരണാധികാരി ആയിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു. അത്താണിക്കുള്ള യൂത്ത് കോൺഗ്രസിൻ്റെ ധനസഹായം അദ്ദേഹം കൈമാറി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം അത്താണിക്കൊപ്പം എന്ന സന്ദേശത്തിലാണ് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഇത്തവണ പരിപാടി സംഘടിപ്പിച്ചത്.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
ജീവിതത്തിൽ പൂർണമായി ഒറ്റപ്പെട്ടു പോവുകയും വിവിധ രോഗങ്ങളാൽ പ്രയാസം അനുഭവിക്കുകയും ചെയ്യുന്ന ആളുകളെയാണ് ഇവിടെ സംരക്ഷിക്കുന്നത്. നിലവിൽ 45 പേരെയാണ് എല്ലാ സൗകര്യങ്ങളോടെയും ഇവിടെ പരിചരിക്കുന്നത്. കൂടാതെ അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളും അത്താണിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആർ.ഷഹിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സൂഫിയാൻ ചെറുവാടി, വൈശാഖ് കണ്ണോറ, കെഎസ്‌യു സംസ്ഥാന ജന. സെക്രട്ടറി സനൂജ് കുരുവട്ടൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.ഐ.വാസുദേവൻ നമ്പൂതിരി, യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡൻ്റ് ഫസൽ പാലങ്ങാട്, ജൗഹർ പൂമംഗലം, ജ്യോതി ജി.നായർ, പി.പി.അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.
Post a Comment
0 Comments