ബാധ്യത: ജപ്‌തി ഭീഷണിയിൽ ഒരു എംഎൽഎ
തൃശൂർ : എംഎൽഎ പദവി നൽകുന്ന സൗകര്യങ്ങളും അധികാരങ്ങളും ഉപയോഗിച്ച് കോടീശ്വരനായില്ല ഈ ജനപ്രതിനിധി, ആകെയുള്ളത് ജീർണിച്ച ജപ്‌തി ഭീഷണി നേരിടുന്ന വീടും കുറേയേറെ മറ്റു പ്രാരാബ്ധങ്ങളും. സിപിഐ നേതാവും നാട്ടിക എംഎൽഎയുമായ സി.സി.മുകുന്ദനാണ് പ്രാരാബ്‌ദങ്ങളോടു പൊരുതി ജീവിക്കുന്നത്. എപ്പോൾ വേണമെങ്കിലും സഹകരണ ബാങ്കുകാർ ജപ്‌തി ചെയ്തേക്കാവുന്ന വീടിൻ്റെ ഒരു മൂലയിൽ കാലിനു സാരമായി പരുക്കേറ്റ് എംഎൽഎ കിടപ്പിലാണ്. മേൽക്കൂര തകർന്ന് നിലത്ത് തളം കെട്ടിയ വെള്ളത്തിൽ ചവിട്ടി വീണു പരുക്കേറ്റാണ് കഴിഞ്ഞ ദിവസം എംഎൽഎ കിടപ്പിലായത്. എംഎൽഎയുടെ ദുരവസ്‌ഥ സഹായം തേടി എത്തുന്നവർ ആരും ഇതുവരെ അറിഞ്ഞിട്ടുണ്ടാകില്ല, അത്ര ദയനീയമാണ് ഈ ജനപ്രതിനിധിയുടെ അവസ്‌ഥ. നല്ലൊരു കാറ്റടിച്ചാൽ വീഴാവുന്ന വീട് ജപ്‌തി ഭീഷണിയിലാണ്. മകളുടെ വിവാഹ ആവശ്യങ്ങൾക്കായി 10 വർഷം മുൻപ് എടുത്ത വായ്‌പ ഇപ്പോൾ പലിശ വർധിച്ച് 18 ലക്ഷത്തിൻ്റെ ബാധ്യതയായി മാറിയിട്ടുണ്ട്. മറ്റു പ്രതീക്ഷകളൊന്നും ഇല്ലാത്തതിനാൽ അഞ്ചര സെന്റ് ഭൂമിയും വീടും വിറ്റ് കടം വീട്ടാനാകുമോ എന്ന ആലോചനയിലാണ് എംഎൽഎ. പിന്നീടുള്ള താനമസം എങ്ങനെയെന്നത് വലിയൊരു ചോദ്യ ചിഹ്‌നമായി അവശേഷിക്കുന്നു.

Post a Comment
0 Comments