"സാറേ... ആശുപത്രിയിൽ കൊണ്ടിട്ടേക്കാം. ചത്താൽ അവര് നോക്കിക്കൊള്ളും"


1946 ഒക്ടോബർ 28: കുളി കഴിഞ്ഞ് മടങ്ങുകയായിരുന്നു. വെളിച്ചം പരന്നിട്ടില്ല. തോളിൽ ആരോ കൈ വെച്ചതറിഞ്ഞാണ് തിരിഞ്ഞു നോക്കിയത്...
"അച്യുതാനന്ദൻ അല്ലേ "
അപരിചിതന്റെ ചോദ്യം.
വി.എസ്. മിണ്ടിയില്ല.
കൈ തോളത്തു നിന്നും പിടിച്ചു മാറ്റി നടക്കാൻ തുടങ്ങിയപ്പോൾ , അയാൾ വട്ടം പിടിച്ചു. ഒപ്പം വിസിൽ മുഴക്കവും
വി.എസ്. പോലീസ് വലയത്തിൽ.
നാലുപാടും പോലീസ്.
പാലാ പോലീസ് ലോക്കപ്പിലേക്ക് തള്ളിയിടുകയായിരുന്നു.
സി.ഐ.ഡി വാസുപിള്ള എന്ന രഹസ്യ പോലീസുകാരൻ :
പുന്നപ്ര പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നതാണ്.
പരസ്പരം അറിയാം.
വാസുപിള്ള കടന്നുവന്നു.
" ഇവൻ തന്നെ അച്യുതാനന്ദൻ. "
 
വാസു പിള്ള സാക്ഷ്യപ്പെടുത്തി.
നടുവിന് ചവിട്ടേറ്റ് മുഖമടിച്ചു വീണതും ഒപ്പം കഴിഞ്ഞു. അപ്പോൾ അവിടെ ഉണ്ടായിരുന്ന പോലീസുകാർ ആവുന്നത്ര നേരം മാറി മാറി മർദ്ദിച്ചു. മണിക്കൂറുകൾ നീണ്ട കൊടും മർദ്ദനം. വി.എസ്. അവശനായി നിലം പറ്റിക്കിടന്നു.
നാല് പോലീസുകാർ വി.എസ്സിനെ പൊക്കിയെടുത്തു ലോക്കപ്പിൽ കാൽപ്പാദങ്ങൾ അഴിക്കരികിൽ വച്ച് കെട്ടി. രണ്ടു പോലീസുകാർ കാൽ വെള്ളയിൽ മാറി മാറി അടിച്ചു കൊണ്ടിരുന്നു. നേതാക്കളുടെ പേര് പറഞ്ഞ് അവർ എവിടെ എന്നു ചോദിച്ചായിരുന്നു മർദ്ദനം.
കാലിനല്ലേ അടി കാലിനോടു ചോദിക്കു
എന്ന് വി.എസിൽ നിന്നു ദീനസ്വരത്തിൽ മറുപടി.
നെഞ്ചിലിടി, വയറ്റിൽ ചവിട്ട് , നാലഞ്ച് പോലീസുകാരുടെ സംയുക്ത മർദ്ദന പരിപാടി. ഇതിനിടയിൽ ഒരു പോലീസുകാരൻ തോക്കെടുത്തു വന്നതു കണ്ട മറ്റൊരാളുടെ നിർദ്ദേശം.
"വെടിവെക്കേണ്ട. "
" വെടിയൊന്നും ഇല്ലാ, കണ്ടോ കളി"
എന്നു പറഞ്ഞതും തോക്കിന്റെ ബയണറ്റ് കൊണ്ട് ഇടത്തേ കാൽ വണ്ണയിൽ കുത്തിയിറക്കിയതും ഒരുമിച്ചായിരുന്നു. ജീവൻ പോകുന്ന മട്ടിൽ അലർച്ച ...
രക്തം കുടു കിട ചീറ്റി...
മുറി രക്തക്കുളമായി
അച്ചുതാനന്ദൻ അബോധാവസ്ഥയിലാണ്ടു.
"കാഞ്ഞോടാ "
എസ്.ഐ. ആരാഞ്ഞു.
"കാഞ്ഞെന്നാ തോന്നണെ" ഉത്തരം.
കുറേനേരം നിശബ്ദത.
" കുറ്റിക്കാട്ടിൽ തള്ളാം. ജീപ്പിറക്ക് "
ജീപ്പ് തയ്യാറായി. പോലീസുകാർ കാലിലെ കെട്ടഴിച്ചു.
ലോക്കപ്പിൽ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. മോഷ്ടവ് .
കള്ളൻ കോവാലൻ എന്ന വിളിപ്പേര്.
അയാൾ ഒപ്പം ചെല്ലാമെന്നും കയറ്റാനും ഇറക്കാനും സഹായിക്കാമെന്നു പറഞ്ഞപ്പോൾ പോലീസുകാർ സമ്മതിച്ചു. ഒപ്പം കൂട്ടി.
വി.എസ്സിനെ ജീപ്പിന്റെ സീറ്റിനു താഴേ ഒടിച്ചു മടക്കിയിട്ടു. ഉടുത്തിരുന്ന മുണ്ട് അഴിച്ച് കാൽ വെണ്ണയിൽ ചുറ്റിക്കെട്ടി. ജീപ്പ് നീങ്ങി. കുറേ നീങ്ങിയപ്പോൾ കള്ളൻ കോവാലൻ വിളിച്ചു പറഞ്ഞു.
"സാറേ അനക്കമുണ്ട്. "
"നേരാണോടാ "
" അതെ "
"സാറേ... ഇതിനെ ആശുപത്രിയിൽ കൊണ്ടിട്ടേക്കാം. ചത്താൽ അവര് നോക്കിക്കൊള്ളും" കള്ളൻ കോവാലന്റെ നിർദേശം.
പോലീസ് വഴങ്ങി. വണ്ടി നേരേ പാലാ ആശുപത്രിയിൽ എത്തി. വി.എസ്സിനെ അവിടെ ഇറക്കി, പോലീസ് സ്ഥലം വിട്ടു. കോവാലനെ കാവലേൽപ്പിച്ച്.."
വിഎസ് തന്റെ അത്മകഥയിൽ! 

Post a Comment

0 Comments