ഭക്ഷ്യ സംസ്കരണ കേന്ദ്രം ബ്ലോക്ക് പഞ്ചായത്തിനു കൈമാറി ഉത്തരവ്
ബാലുശ്ശേരി : വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഭക്ഷ്യ സംസ്‌കരണ പോഷകാഹാര കേന്ദ്രം ബാലുശ്ശേരി ബ്ളോക്ക് പഞ്ചായത്തിനു കൈമാറി സർക്കാർ ഉത്തരവിറക്കി.
1988 ൽ എ.സി.ഷൺമുഖദാസ് മന്ത്രി ആയിരുന്നപ്പോൾ ബ്ളോക്ക് ഓഫിസിനു സമീപമാണ് ഭക്ഷ്യ സംസ്കരണ കേന്ദ്രം തുടങ്ങിയത്. വലിയ കാഴ്ചപ്പാടുകളോടെ തുടങ്ങിയ ദക്ഷിണേന്ത്യയിലെ ആദ്യ സ്ഥാപനമാണ് നടത്തിപ്പിലെ പിടിപ്പുകേടുകൾ കാരണം വെള്ളാനയായി മാറിയത്. ബ്ളോക്ക് ഏറ്റെടുക്കുന്നതോടെ നിലവിലെ ദുരവസ്‌ഥകൾ മാറി പുതിയ പദ്ധതികൾ നടപ്പിലാക്കാൻ കഴിയുമെന്ന് പ്രസിഡന്റ് വി.കെ.അനിതയും വൈസ് പ്രസിഡൻ്റ് ടി.എം. ശശിയും പറഞ്ഞു.
ഗ്രാമവികസന വകുപ്പിനു കീഴിൽ തുടങ്ങിയ ഈ സ്‌ഥാപനത്തെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കോടികൾ ചെലവഴിച്ചിട്ടും ആധുനികവൽക്കരിക്കാൻ പല പദ്ധതികൾ തയാറാക്കിയിട്ടും ഒന്നും ലക്ഷ്യം കണ്ടില്ല. വിലകൂടിയ യന്ത്രങ്ങൾ എല്ലാം ഉപയോഗിക്കാതെ തുരുമ്പെടുത്ത് നശിച്ചു.
ബ്ളോക്ക് ഓഫിസ് പരിസരത്തെ ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിൻ്റെ കെട്ടിടങ്ങൾ ശോച്യാവസ്‌ഥയിൽ തുടരുന്നത് അപകട ഭീഷണി ഉയർത്തുന്നു. ഈ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് ബ്ളോക്ക് അധികൃതർ പറഞ്ഞു.
ഭക്ഷ്യ സംസ്കരണ കേന്ദ്രം ബ്ളോക്കിനു വിട്ടുകിട്ടുന്നതിനായി 2021 ൽ പ്രമേയം പാസാക്കി സർക്കാരിനെ സമീപിക്കുകയായിരുന്നു. 2022ൽ മന്ത്രി എം.വി.ഗോവിന്ദൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ബ്ളോക്കിനു കൈമാറാൻ തീരുമാനമായത്. ഉത്തരവ് വൈകിയപ്പോ കെ.എം.സച്ചിൻദേവ് എംഎൽഎ മുഖേന ബ്ളോക്ക് അധികൃതർ പലതവണ സർക്കാരിനെ സമീപിച്ചു.
നേരത്തെ ബ്ളോക്ക് ബജറ്റിൽ ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിനു 52 ലക്ഷം വകയിരുത്തിയെങ്കിലും സർക്കാർ ഉത്തരവ് ഇല്ലാത്തതിനാൽ അ മാറ്റേണ്ടി വന്നു. ഇനി വിവിധ പദ്ധതികളിലൂടെ ബ്ളോക്ക് പരിധിയിലെ കുടുംബശ്രീ, സ്വയം സഹായ സംഘങ്ങൾ, സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നവർ എന്നിവർക്കായി ഭക്ഷ്യ സംസ്‌കരണ രംഗത്ത് മികച്ച പരിശീലനം നൽകാൻ കഴിയും. അപകടാവസ്‌ഥയിലായ കെട്ടിടങ്ങൾ ഉടൻ പൊളിച്ചു മാറ്റും.
Post a Comment
0 Comments