Kochi
തെരുവ്നായ്ക്കളെ എല്ലാം തരാം; മൃഗ സ്നേഹികളോട് ഹൈക്കോടതി
കൊച്ചി : തെരുവുനായ്ക്കളുടെ വിഷയത്തിൽ ശക്തമായ നിലപാടും നിരീക്ഷണങ്ങളുമായി ഹൈക്കോടതി. തെരുവുനായ്ക്കളുടെ പ്രശ്നത്തിൽ സമഗ്രമായ നടപടികൾ ആവശ്യപ്പെട്ടുള്ള ഹർജിയെ എതിർത്ത് മൃഗസ്നേഹിയായ സാബു സ്റ്റീഫൻ കക്ഷിചേരാൻ എത്തിയപ്പോഴാണു ഹൈക്കോടതി ഏറെ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ നടത്തിയത്. എല്ലാ തെരുവ് നായ്ക്കളെയും നൽകാം കൊണ്ടുപോയ്ക്കോളൂ എന്നായിരുന്നു ഈ മൃഗസ്നേഹിയുടെ നിലപാടിനോട് ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രതികരിച്ചത്.
നാട്ടിലെങ്ങും രൂക്ഷമായി കൊണ്ടിരിക്കുന്ന തെരുവ്നായ്ക്കളുടെ ആക്രമണങ്ങൾക്ക് എന്താണ് പരിഹാരമെന്നും സാബുവിനോട് ഹൈക്കോടതി ആരാഞ്ഞു.
കേരളത്തിൽ വൻ ഭീഷണി ഉയർത്തുന്ന തെരുവുനായ്ക്കളുടെ പ്രശ്‌നം പരിഹരിക്കാൻ എല്ലാ മൃഗസ്നേഹികളും മുന്നോട്ടുവരട്ടെയെന്നും ഹൈക്കോടതി നിർദേശിച്ചു.
തെരുവുനായ്ക്കൾ പെരുകുന്നതിലും വാക്‌സിനുമായി
ബന്ധപ്പെട്ട പരാതികളിലും ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. വാക്സിനെടുത്ത കുട്ടികൾ പേവിഷബാധയേറ്റ് മരിച്ച സംഭവം ഗൗരവതരമാണെന്നും തെരുവുനായ ആക്രമണത്തിന് അടിയന്തിര പ്രായോഗിക പരിഹാരം വേണമെന്നും ഹൈക്കോടതി നിർദേശിച്ചു.
വന്യമൃഗ ആക്രമണങ്ങളെപ്പോലെ തെരുവ്നായ ആക്രമണങ്ങളെയും പരിഗണിക്കണമെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സി.എസ്.ഡയസാണ് ഈ ഹർജി പരിഗണിച്ചത്.
ദില്ലിയിലെ തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതി ഇന്ന് സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ചു. മൃഗങ്ങൾക്ക് നിയമപരമായ അവകാശമുണ്ടെങ്കിലും എല്ലാറ്റിനും മുകളിലാണ് മനുഷ്യാവകാശമെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി.
Post a Comment
0 Comments