മൗലികാവകാശങ്ങളുടെ ലംഘനം ഇരുളിലേക്ക് നയിക്കും: കത്തോലിക്ക കോൺഗ്രസ്

കസ്റ്റഡിയിലായ കന്യാസ്ത്രീകൾ പ്രീതി മേരിയും വന്ദന ഫ്രാൻസിസും.  

കൊച്ചി : ഛത്തീസ്‌ഗഡിലെ ദുർഗ റെയിൽവേ സ്റ്റേഷനിൽ രണ്ട് കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റു ചെയ്ത നടപടിയെ കത്തോലിക്ക കോൺഗ്രസ് അപലപിച്ചു. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ കസ്റ്റഡിയിൽ എടുത്തതിലൂടെ ഛത്തീസ്ഗഡ് പൊലീസും അധികാരികളും നിയമത്തെ ക്രിമിനൽവൽക്കരിക്കുകയാണെന്നും മൗലിക അവകാശങ്ങളുടെ ലംഘനവും മനുഷ്യാവകാശ നിഷേധവും ആണ് അവിടെ  നടന്നതെന്നും കത്തോലിക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ പല ഭാഗത്തും മതപരിവർത്തന നിരോധന നിയമത്തിൻ്റെ മറവിൽ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന അവസ്ഥയാണ്. ബജ്‌റംഗ്ദൾ പോലുള്ള തീവ്ര സംഘടനകൾ അധികാരത്തിന്റെ തണലിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിയമത്തെ അട്ടിമ റിക്കുന്ന സ്ഥിതിയാണ്. നിരവധി സ്ഥലങ്ങളിൽ ക്രൈസ്‌തവ മിഷണറിമാർക്ക് എതിരെ  ആക്രമണങ്ങൾ നടക്കുമ്പോഴും പൊലീസ് നിഷ്ക്രിയത്വം കാണിക്കുന്നത് കൃത്യമായ അജൻഡകളുടെ ഭാഗമാണെന്നു ബോധ്യപ്പെടുകയാണ്. കന്യാസ്ത്രീകൾ സന്യാസ വസ്ത്രം അണിഞ്ഞ് പൊതുസമൂഹത്തിൽ ഇറങ്ങിയാൽ കേസെടുക്കുന്ന അവസ്ഥ ഇന്ത്യയെ ഇരുണ്ട കാലങ്ങളിലേക്കു നയിക്കും. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത‌ വിഷയത്തിൽ ജുഡീഷ്യറി നേരിട്ട് ഇടപെടണമെന്നും മതപരിവർത്തന നിയമങ്ങൾ മൗലിക അവകാശത്തെ നിഷേധിക്കുന്ന അവസ്ഥ രാജ്യത്ത് തടയുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. 

പ്രസിഡന്റ് പ്രഫ.രാജീവ് ജോസഫ് അധ്യക്ഷത വഹിച്ചു.  ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. 

Post a Comment

0 Comments