ആ അമ്മയ്ക്ക് തെറ്റിയില്ല; പ്രതീക്ഷ നിറവേറ്റി ബാലുശ്ശേരി പൊലീസ്


ആമയാട്ട് കല്യാണി അമ്മയുടെ വീണുപോയ 8500 രൂപ വാർധക്യ പെൻഷൻ ബാലുശ്ശേരി പൊലീസ് വീണ്ടെടുത്ത് നൽകിയപ്പോൾ.

ബാലുശ്ശേരി  :  വീണുപോയ ക്ഷേമ പെൻഷൻ തുക വീണ്ടെടുത്ത് നൽകി ബാലുശ്ശേരി പൊലീസ് മാതൃകയായി. ആമയാട്ട് കല്യാണി അമ്മയ്ക്ക് വാർധക്യ പെൻഷനായി ലഭിച്ച 8500 രൂപയാണ് ബാലുശ്ശേരി ടൗണിൽ വീണു പോയത്. ഉടൻ തന്നെ ഇവർ സഹായം തേടി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. എല്ലാ സ്ഥലവും പരിശോധിച്ച് പണം നമുക്ക് കണ്ടെത്താം എന്ന് പറഞ്ഞ് ഏറെ സങ്കടപ്പെട്ട് എത്തിയ ആ അമ്മയെ പൊലീസുകാർ ആശ്വസിപ്പിച്ചു. പെട്ടെന്ന് തന്നെ പൊലീസുകാർ വാഹനത്തിൽ ടൗണിലെത്തി അമ്മ നടന്നു പോയ വഴികൾ അരിച്ചു പെറുക്കാൻ തുടങ്ങി. പൊലീസുകാർ സംശയം തോന്നിയ ഇടങ്ങളിൽ എല്ലാം അരിച്ചു പെറുക്കി പരിശോധന നടത്തുമ്പോൾ കാര്യം അന്വേഷിച്ചെത്തിയ നാട്ടുകാരും തിരയാൻ തുടങ്ങി. ഏറെ പ്രതീക്ഷകളോടെ കല്യാണി അമ്മ കരുതിവച്ചു 8500 രൂപ ഒടുവിൽ തെരുവിൽ നിന്നു തന്നെ തിരിച്ചു കിട്ടി. സ്റ്റേഷനിൽ വച്ച് പൊലീസുകാർ തുക കല്യാണി അമ്മയ്ക്ക് നിറഞ്ഞ സ്നേഹത്തോടെ കൈമാറി. പൊലീസ് ഉദ്യോഗസ്‌ഥരായ നിജിഷ, അനീഷ്, മനോജ്, ഫൈസൽ കേളോത്ത് എന്നിവർ നേതൃത്വം നൽകി. തൻ്റെ പ്രതീക്ഷ നിറവേറ്റിയ ബാലുശ്ശേരി പൊലീസിന് ഹൃദയം കൊണ്ട് നന്ദി പറഞ്ഞാണു അമ്മ മടങ്ങിയത്. 

Post a Comment

0 Comments